< Back
Tech
പട്ടിണിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായി മൈക്രോസോഫ്റ്റും ഗൂഗിളും ആമസോണും
Tech

പട്ടിണിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായി മൈക്രോസോഫ്റ്റും ഗൂഗിളും ആമസോണും

Web Desk
|
24 Sept 2018 12:36 PM IST

അന്താരാഷ്ട്ര സംഘടനകളോട് കൈകോർത്ത് വികസ്വര രാജ്യങ്ങളിലെ പട്ടിണിക്കെതിരെ പോരാടാൻ തീരുമാനിച്ച് ടെക് ഭീമന്മാരായ ഗൂഗിളും മൈക്രോസോഫ്റ്റും ആമസോണും. ഡാറ്റ അനാലിസിസും കൃത്രിമ ബുദ്ധിയും ഉപയോഗിച്ച് പട്ടിണി മുൻകൂട്ടി പ്രവചിച്ച് ഇല്ലാതാക്കുകയാണ് ലക്ഷ്യം.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും കുട്ടികളടക്കം ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണപ്പെടുന്നു എന്നത് ആഗോള ദുരന്തം തന്നെയാണ്. ഇതിനെതിരെ ഒരു ആഗോള കൂട്ടായ്മ ഉണ്ടാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം

ഒരുപാട് ജീവനുകൾ നഷ്ടപ്പെട്ടതിന്റെ ശേഷം പട്ടിണിയെ നേരിടുന്നതിന് പകരം നേരത്തെ ശേഖരിച്ച വിവരങ്ങൾ ഉപയോഗപ്പെടുത്തി പട്ടിണി ഒരു പ്രശ്നമായി മാറുന്നതിന് മുമ്പ് പണം ശേഖരിക്കൽ പ്രക്രിയ ആരംഭിക്കുന്ന രീതിയായിരിക്കും മൂന്ന് ടെക് ഭീമന്മാരും ഉപയോഗിക്കുക. ലോക ബാങ്കും ഐക്യരാഷ്ട്ര സംഘടനയും സംയുക്ത പ്രസ്‍താവനയിലൂടെയാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്.

"ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും കുട്ടികളടക്കം ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണപ്പെടുന്നു എന്നത് ആഗോള ദുരന്തം തന്നെയാണ്. ഇതിനെതിരെ ഒരു ആഗോള കൂട്ടായ്മ ഉണ്ടാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,"ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ജിം യോങ് കിം പറഞ്ഞു.

കഴിഞ്ഞ വർഷം 20 ദശലക്ഷം ജനങ്ങൾ നൈജീരിയയിലും സൊമാലിയയിലും ദക്ഷിണ സുഡാനിലും യെമനിലുമായി പട്ടിണി അഭിമുഖീകരിച്ചിരുന്നു. അതെസമയം, 124 ദശലക്ഷം ആളുകൾ നിലവിൽ ഭക്ഷ്യ ക്ഷാമം നേരിടുന്നുണ്ട്. ഇവർക്ക് അടിയന്തിരമായ അന്താരാഷ്ട്ര സഹായം ആവശ്യമാണ് എന്നാണ് വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ പകുതിയിലധികം ജനങ്ങൾ സംഘർഷ മേഖലകളിൽ ജീവിക്കുന്നവരാണ്.

പട്ടിണിയിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടെത്തി ആവശ്യമായ ധനശേഖരണം നേരത്തെ തന്നെ നടത്തുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ഉദ്ദേശ്യം. "ഭാവിയിൽ എവിടെയൊക്കെ, എപ്പോൾ പട്ടിണി സംഭവിക്കുമെന്ന് നേരിട്ട് പ്രവചിക്കാൻ നമുക്ക് കഴിഞ്ഞാൽ നേരത്തെതന്നെ അതിനോട് പ്രതികരിക്കാൻ നമുക്ക് സാധ്യമാവും,"മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പ്രസ്താവനയിൽ പറഞ്ഞു.

"ഭക്ഷ്യ ക്ഷാമത്തിന്റെ ലക്ഷണങ്ങൾ മുൻകൂട്ടി കണ്ടെത്തി പട്ടിണി പ്രവചിക്കുന്നതിൽ കൃത്രിമ ബുദ്ധിക്കും മെഷീൻ ലേണിങ്ങിനും ഒരുപാട് സഹായങ്ങൾ നൽകാൻ സാധിക്കും,"സ്മിത്ത് പറഞ്ഞു.

Similar Posts