< Back
Tech
സാങ്കേതികതയുടെ വളർച്ച: എന്താണ് ഈ ക്ലൗഡ് സ്റ്റോറേജ്?
Tech

സാങ്കേതികതയുടെ വളർച്ച: എന്താണ് ഈ ക്ലൗഡ് സ്റ്റോറേജ്?

Web Desk
|
30 Oct 2018 7:48 PM IST

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഏവരും കേട്ടിട്ടുള്ള ഒരു പദപ്രയോഗമാണ് ക്ലൌഡ് സ്റ്റോറേജ്. അത്പോലെ എെ ഫോണ്‍ ഉപയോഗിക്കുന്നവര്‍ എപ്പോഴും കേള്‍ക്കുന്ന പ്രയോഗമാണ് എെ ക്ലൌഡ്.

സാങ്കേതികത്വം വലിയ വളര്‍ച്ച കൈവരിക്കുന്ന ഈ കാലഘട്ടത്തില്‍ പല ടെക്നിക്കല്‍ പദങ്ങളും നമുക്ക് സുപരിചിതമാണെങ്കിലും അതിന്‍റെ കൃത്യമായ അര്‍ത്ഥങ്ങളില്‍ ശരിയായ ധാരണയില്ല. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഏവരും കേട്ടിട്ടുള്ള ഒരു പദപ്രയോഗമാണ് ക്ലൌഡ് സ്റ്റോറേജ്. അത്പോലെ എെ ഫോണ്‍ ഉപയോഗിക്കുന്നവര്‍ എപ്പോഴും കേള്‍ക്കുന്ന പ്രയോഗമാണ് എെ ക്ലൌഡ്.

ഡാറ്റാ സുക്ഷിക്കാനായി ഏവരും പെന്‍ ഡ്രൈവ്, ഹാര്‍ഡ് ഡിസ്ക് എന്നിങ്ങനെയുള്ള ഉപയോഗിക്കാറുണ്ട്. എളുപ്പത്തില്‍ ഡാറ്റ കൈമാറാനും ഉപയോഗിക്കാനും എവിടെയും ലഭ്യമാകുവാനുമാണ് പെന്‍ ഡ്രൈവ് പോലുള്ള ഉപകരണങ്ങള്‍ കൈവശം വക്കുന്നത്. പക്ഷെ, കൈയില്‍ ഉപകരണം കൊണ്ട് നടക്കാതെ തന്നെ എവിടെയും ഡാറ്റാ ലഭ്യമാകുവാന്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ക്ലൌഡ് സ്റ്റോറേജ്. നമ്മുടെ ഡാറ്റ ഏതെങ്കിലും ഒരു ഓണ്‍ലൈന്‍ സ്റ്റോറേജില്‍ സേവ് ചെയ്ത് വക്കുന്നു. ശേഷം നമുക്ക് ആവശ്യമുള്ള സമയത്ത് ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ ലഭ്യമായ കമ്പ്യൂട്ടറില്‍ നിന്നോ ഫോണില്‍ നിന്നോ ഡൌണ്‍ലോഡ് ചെയ്ത് നമുക്ക് പ്രാപ്യമാക്കാന്‍ ക്ലൌസ് സ്റ്റോറേജ് നമ്മെ സഹായിക്കുന്നു. ഉദാഹരണത്തിന്, നമുക്ക് ആവശ്യമുള്ള ഒരു ഫോട്ടോ പെന്‍ഡ്രൈവിലോ ഫോണിലോ സേവ് ചെയ്യുന്നതിന് പകരം ഓണ്‍ലൈനില്‍ സേവ് ചെയ്ത് ആവശ്യാനുസരണം ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക എന്ന സാങ്കേതിക വിദ്യയാണ് ഇതിലൂടെ സാധ്യമാകുന്നത്.

പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്ക് തുടങ്ങിയവ ഇലക്ട്രോണിക് ഉപകരണങ്ങളായതിനാല്‍ എപ്പോള്‍ വേണമെങ്കിലും കേടാകുന്നതിലൂടെ നമ്മുടെ ഡാറ്റ നഷ്ടപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണ്. പക്ഷെ, ക്ലൌഡ് സ്റ്റോറേജില്‍ സേവ് ചെയ്യുന്ന ഡാറ്റ കാലാകാലങ്ങളായി നഷ്ടപ്പെടാതെ അവിടെ തന്നെ ഉണ്ടാകും. ക്ലൌഡ് സ്റ്റോറേജ് നമുക്ക് നല്‍കുന്ന യൂസര്‍ എെ ഡിയും പാസ് വേഡും മറക്കാതെ സൂക്ഷിക്കണം എന്ന് മാത്രം. കോണ്‍ഡാക്ട്ടുകള്‍ മുതല്‍ വലിയ സംഭരണ സ്ഥലം ആവശ്യമായ ഫയലുകള്‍ വരെ ഇതില്‍ നമുക്ക് സ്റ്റോര്‍ ചെയ്യാന്‍ സാധിക്കും.

ജി മെയിലില്‍ നമ്മള്‍ കാണുന്ന ഗൂഗിള്‍ ഡ്രൈവ് ഒരു ക്ലൌഡ് സ്റ്റോറേജാണ്. മൈക്രോസോഫ്റ്റ് വണ്‍ ഡ്രൈവ് എന്ന ക്ലൌഡ് സ്റ്റോറേജ് സംവിധാനം നല്‍കുന്നുണ്ട്. ടെലിഗ്രാം പൂര്‍ണ്ണമായും ക്ലൌഡ് സ്റ്റോറേജ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന മെസഞ്ചര്‍ ആപ്പ് ആണ്. ഇത് പോലെ പല ക്ലൌഡ് സേവനങ്ങളും നമുക്ക് ചുറ്റുമുണ്ട്.

Related Tags :
Similar Posts