
വിമാനത്താവളങ്ങളില്‍ സുരക്ഷക്ക് റോബോട്ട് നായകള്‍ എത്തിയേക്കും; പുതിയ സാങ്കേതിക സാധ്യതകള്‍ തേടി സി.ഐ.എസ്.എഫ്
|ഈ ആഴ്ച കാനഡയില്‍ നടന്ന ഗ്ലോബല്‍ ഏവിയേഷന്‍ സെക്യൂരിറ്റി സിമ്പോസിയത്തിലാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നത്. ഇന്ത്യയില്‍ നിന്നുള്ള...
കാലങ്ങളായി നമ്മുടെ രാജ്യത്ത് വിമാനത്താവളങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കുന്നത് ജര്‍മന്‍ ഷെപ്പേഡ്, ലാബ്രഡോര്‍, ബെല്‍ജിയന്‍ മാലിനോയിസ് പോലുള്ള നായകളാണ്. എന്നാല്‍ ഇനി ഇതില്‍ മാറ്റം വരുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. യഥാര്‍ത്ഥ നായകള്‍ക്ക് പകരം റോബോട്ട് നായകളാവും ഈ രംഗം കയ്യടക്കുക.
ഈ ആഴ്ച കാനഡയില്‍ നടന്ന ഗ്ലോബല്‍ ഏവിയേഷന്‍ സെക്യൂരിറ്റി സിമ്പോസിയത്തിലാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നത്. ഇന്ത്യയില്‍ നിന്നുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) ഡി.ജി രാജേഷന്‍ രഞ്ജനും, വിമാനത്താവളങ്ങളുടെയെല്ലാം സുരക്ഷാ ചുമതലയുള്ള അഡീഷണല്‍ ഡി.ജി എം.എ ഗണപതിയും സിമ്പോസിയത്തില്‍ പങ്കെടുത്തിരുന്നു.
റോബോട്ട് നായകള്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ മണത്തറിയാനും യാത്രക്കാരുടെ ലഗേജുകളും മറ്റും എക്‌സ്റേ സ്‌കാന്‍ ചെയ്യാനും സാധിക്കുമെന്നാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിലവില്‍ അമേരിക്ക, ബ്രിട്ടന്‍, കാനഡ, ജപ്പാന്‍, കൊറിയ പോലുള്ള രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനയുള്‍പ്പെടെ ഉള്ള ആവശ്യങ്ങള്‍ക്കായി റോബോട്ടുകളെ ഉപയോഗിക്കുന്നതായി പറയുന്നു. അമേരിക്കയുമായും യൂറോപ്പുമായും സഹകരിച്ച് പുതിയ സാങ്കേതിക സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് സി.ഐ.എസ്.എഫ് ആലോചന.