< Back
Tech
വാവേയ് മേധാവിയുടെ മകള്‍ കാനഡയില്‍ അറസ്റ്റില്‍ 
Tech

വാവേയ് മേധാവിയുടെ മകള്‍ കാനഡയില്‍ അറസ്റ്റില്‍ 

Web Desk
|
6 Dec 2018 11:38 AM IST

ഡിസംബര്‍ ഒന്നിന് വാന്‍കോവറില്‍വെച്ചാണ് വാന്‍ഷോയെ അറസ്റ്റ് ചെയ്തതനെന്ന് കാനഡ വ്യക്തമാക്കിയിട്ടുണ്ട്.

പ്രമുഖ ചൈനീസ് ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ വാവേയ്‌യുടെ സ്ഥാപകന്‍ റെന്‍ ഷെങ്ഫയുടെ മകളും മുഖ്യ ഫിനാന്‍ഷ്യല്‍ ഓഫീസറുമായ മെങ് വാന്‍ഷോ കാനഡയില്‍ അറസ്റ്റിലായി. ഇവരെ യുഎസിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ ഒന്നിന് വാന്‍കോവറില്‍വെച്ചാണ് വാന്‍ഷോയെ അറസ്റ്റ് ചെയ്തതനെന്ന് കാനഡ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ അറസ്റ്റിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല. ഇറാനുമേലുള്ള അമേരിക്കന്‍ ഉപരോധവുമായി ബന്ധപ്പെട്ട ലംഘനമാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് വിവരം

അതേസമയം മെങ് വാന്‍ ഷോയുടെ അറസ്റ്റില്‍ ബെയ്ജിങ്ങില്‍ പ്രതിഷേധം ശക്തമായി. ഇവരെ ഉടന്‍ വിട്ടുനല്‍കണമെന്നാണ് ആവശ്യം.അറസ്റ്റിനെക്കുറിച്ച് ഏതാനും വിവരങ്ങള്‍ മാത്രമെ ലഭ്യമുള്ളൂവെന്നും എന്തെങ്കിലും തെറ്റ് വാന്‍ഷോ ചെയ്തതായി അറിയില്ലെന്നുമാണ് വാവേയ് വ്യക്തമാക്കുന്നത്. ഏതായാലും അറസ്റ്റ് അമേരിക്ക-ചൈന ബന്ധത്തെ ബാധിക്കുമെന്നുറപ്പാണ്. ചരക്കുകള്‍ക്ക് മേല്‍ പരസ്പരം നികുതി ചുമത്തി അമേരിക്കയും ചൈനയും തമ്മിലെ വ്യാപാര യുദ്ധം മറുഭാഗത്ത് നടക്കുന്നതിനിടെയാണ് അറസ്റ്റ് വാര്‍ത്തയും എത്തുന്നത്.

സംഭവത്തില്‍ കാനഡയിലെ ചൈനീസ് എംബസി പ്രതിഷേധം അറിയിച്ചു. അതേസമയം ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കുമെന്നും കാനഡ വ്യക്തമാക്കി. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന പേരിലും അമേരിക്ക വാവേയ്‌ക്കെതിരെ തിരിഞ്ഞിരുന്നു. ഇറാനുമേലുള്ള ഉപരോധവുമായി ബന്ധപ്പെട്ട ലംഘനത്തിന്റെ പേരില്‍ വാവേയ്‌ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Similar Posts