< Back
Tech
മനസ് വായിക്കാന്‍ ഇമോജി, ഓണ്‍ലൈന്‍ പരസ്യത്തിനുള്ള വ്യത്യസ്ത വഴികള്‍
Tech

മനസ് വായിക്കാന്‍ ഇമോജി, ഓണ്‍ലൈന്‍ പരസ്യത്തിനുള്ള വ്യത്യസ്ത വഴികള്‍

Web Desk
|
16 Dec 2018 2:22 PM IST

ഓരോ വ്യക്തികളുടേയും മാനസികാവസ്ഥ വായിച്ചറിയുന്നതിന് ഇമോജിയേക്കാള്‍ നല്ല വഴിയില്ലെന്നാണ് പരസ്യദാതാക്കളുടെ അനുഭവം.

നിങ്ങള്‍ കാണുന്ന പരസ്യങ്ങള്‍ക്കും സോഷ്യല്‍മീഡിയയില്‍ ഉപയോഗിക്കുന്ന ഇമോജികള്‍ക്കും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? ഉണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ട്വിറ്റര്‍ 2016 മുതല്‍ തന്നെ തങ്ങളുടെ ഉപയോക്താക്കള്‍ അയക്കുന്ന ഇമോജികളെ അറിയാനുള്ള സൗകര്യം പരസ്യദാതാക്കള്‍ക്ക് നല്‍കിയിരുന്നെന്നാണ് വിവരം.

ഏതെല്ലാം വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നു, നിങ്ങളുടെ ലൊക്കേഷന്‍, ഗൂഗിളിലെ തിരച്ചിലുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഓണ്‍ലൈനില്‍ കാണുന്ന പരസ്യങ്ങളെ നിങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് പൊതുവെ അറിവുള്ള കാര്യമാണ്. ഇപ്പോഴതല്ല ഇമോജികള്‍ വരെ പരസ്യത്തെ തെരഞ്ഞെടുക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓരോ വ്യക്തികളുടേയും മാനസികാവസ്ഥ വായിച്ചറിയുന്നതിന് ഇമോജിയേക്കാള്‍ നല്ല സാധ്യതയില്ലെന്നാണ് പരസ്യദാതാക്കളുടെ അനുഭവം.

തംസ് അപ്പ്, സ്‌മൈയ്‌ലി ഇമോജികള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ പരസ്യം കാണിക്കൂ എന്ന രീതിയിലുള്ള നിര്‍ദ്ദേശങ്ങളും പരസ്യ ദാതാക്കളില്‍ നിന്നുണ്ടാകാറുണ്ട്. ഇനി വിഷമിച്ചിരിക്കുന്ന ഭാവമോ തംസ് ഡൗണോ ഒക്കെയാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന് വേറെ പരസ്യങ്ങളായിരിക്കും കാണിക്കുക. ഫുട്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍ ഇമോജികള്‍ ഉപയോഗിക്കുന്നവര്‍ക്ക് അത്‌ലറ്റിക് വസ്ത്രങ്ങളുടെ പരസ്യങ്ങള്‍ കാണിക്കും ഇനി ഭക്ഷണത്തിന്റെ ഇമോജികളാണെങ്കില്‍ ഓണ്‍ലൈന്‍ ഫുഡ് ആപ്ലിക്കേഷനുകളായിരിക്കും പരസ്യ രൂപത്തിലെത്തുക.

ഉപയോക്താക്കള്‍ക്കും പരസ്യദാതാക്കള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണ് ഈ സംവിധാനമെന്നാണ് വിലയിരുത്തല്‍. മാനസിക നിലയോട് യോജിച്ചുപോകുന്ന പരസ്യങ്ങള്‍ കണ്ടാല്‍ ഉപയോക്താക്കള്‍ ക്ലിക്കു ചെയ്യാനുള്ള സാധ്യത കൂടുതലാണ്. കൂടുതല്‍ ക്ലിക്കിനാണ് വെബ് സൈറ്റുകളും പരസ്യ ദാതാക്കളും ശ്രമിക്കുകയെന്നതിനാല്‍ ഇമോജികള്‍ വെച്ച് പരസ്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത് തുടരാനാണ് സാധ്യത.

Related Tags :
Similar Posts