< Back
Tech
ആറുവയസുകാരന്‍ ഹോംവര്‍ക്ക് ചെയ്യാന്‍ അലക്‌സയെ ഉപയോഗിക്കുന്നത് അമ്മ കയ്യോടെ പിടികൂടിയപ്പോള്‍
Tech

ആറുവയസുകാരന്‍ ഹോംവര്‍ക്ക് ചെയ്യാന്‍ അലക്‌സയെ ഉപയോഗിക്കുന്നത് അമ്മ കയ്യോടെ പിടികൂടിയപ്പോള്‍

Web Desk
|
29 Dec 2018 3:22 PM IST

അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ താമസക്കാരിയായ യെരെലിന്‍ കുവേവയാണ് സ്വന്തം മകന്‍ ഹോംവര്‍ക്ക് ചെയ്യാന്‍ അലക്‌സയെ കൂട്ടുപിടിക്കുന്നത് കണ്ട് ഞെട്ടിപ്പോയത്.

പല കുട്ടികളുടേയും ഏറ്റവും വലിയ തലവേദനകളിലൊന്നാണ് സ്‌കൂളില്‍ നിന്നുള്ള ഹോംവര്‍ക്കുകള്‍. അത് കണക്ക് ചെയ്യുന്നതാണെങ്കില്‍ പറയുകയും വേണ്ട. ആ പ്രതിസന്ധി മറികടക്കാന്‍ പല സൂത്രങ്ങളും കാലാകാലത്ത് കണ്ടുപിടിക്കാറുമുണ്ട്. ഇപ്പോഴിതാ സ്മാര്‍ട്ട് ഉപകരണമായ ആമസോണിന്റെ അലക്‌സയെ കൂട്ടുപിടിച്ച് ഹോംവര്‍ക്ക് ചെയ്യാന്‍ ശ്രമിച്ച ആറുവയസുകാരനെ മാതാവ് തന്നെ കയ്യോടെ പിടികൂടിയിരിക്കുകയാണ്.

അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ താമസക്കാരിയായ യെരെലിന്‍ കുവേവയാണ് സ്വന്തം മകന്‍ ഹോംവര്‍ക്ക് ചെയ്യാന്‍ അലക്‌സയെ കൂട്ടുപിടിക്കുന്നത് കണ്ട് ഞെട്ടിപ്പോയത്. 5-3 എത്രയാണെന്നായിരുന്നു ആറുവയസുകാരന്‍ അലക്‌സയോട് ചോദിച്ചത്. അല്‍പം പോലും വൈകാതെ അലക്‌സ 2 ആണ് ഉത്തരമെന്ന് പറഞ്ഞുകൊടുക്കുകയും ചെയ്തു. ഉത്തരം പകര്‍ത്തിയെഴുതുന്നതിനിടെ അലക്‌സക്ക് നന്ദി പറയുന്നതും വീഡിയോയിലുണ്ട്.

മകന്റെ സൂത്രപ്പണി വീഡിയോയെടുത്ത കുവേവ അത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 'മകന്‍ സാധാരണപോലെ ഹോംവര്‍ക്ക് ചെയ്യുകയാണെന്നാണ് കരുതിയത്. ഞാന്‍ അപ്പുറത്തെ മുറിയിലായിരുന്നു. അവിടെ നിന്നും അവന്‍ അലക്‌സയോടെ സംസാരിക്കുന്നത് കേട്ടു. അലക്‌സയെ ഉപയോഗിച്ച് അവന്‍ കണക്ക് ചെയ്യുന്നത് കണ്ട് വിശ്വസിക്കാന്‍ പോലുമായില്ല.' ന്യൂയോര്‍ക്ക് പോസ്റ്റിനോട് യെരെലിന്‍ കുവേവ പറഞ്ഞു.

Related Tags :
Similar Posts