< Back
Tech
ചൈനീസ് ടെലികോം ഭീമന്‍മാര്‍ക്കെതിരെ  ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത് അമേരിക്ക
Tech

ചൈനീസ് ടെലികോം ഭീമന്‍മാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത് അമേരിക്ക

Web Desk
|
29 Jan 2019 9:36 AM IST

ഉപരോധം നിലനില്‍ക്കെ ഇറാനിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റി അയച്ച കേസില്‍ കമ്പനി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മെങ് വാന്‍ഷു കാനഡയില്‍ കഴിഞ്ഞ മാസം അറസ്റ്റിലായിരുന്നു.

ചൈനീസ് ടെലികോം ഭീമന്മാരായ വാവെയ്ക്കും കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ക്കുമെതിരെ അമേരിക്ക ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. ഉപരോധം നിലനില്‍ക്കെ ഇറാനിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റി അയച്ച കേസില്‍ കമ്പനി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മെങ് വാന്‍ഷു കാനഡയില്‍ കഴിഞ്ഞ മാസം അറസ്റ്റിലായിരുന്നു.

ചൈനയെ ചാരപ്രവര്‍ത്തനം നടത്താന്‍ സഹായിക്കുന്നു, യു.എസ് കമ്പനിയായ ടി മൊബൈലിന്റെ സാങ്കേതിക വിദ്യ മോഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് വാവെയ് കമ്പനിക്ക് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. അമേരിക്കയിലെ ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് ഉപരോധമേര്‍പ്പെടുത്തിയ ഇറാന്‍, ഉത്തരകൊറിയ എന്നി രാജ്യങ്ങളുമായി ഇടപാടുകള്‍ നടത്തിയതിനാണ് വാവെയ് ഉപമേധാവി കൂടിയായ മെങ് വാങ്ഷുവിനെതിരെ കേസെടുത്തിരിക്കുന്നത്.

മെങ് വാങ്ഷുവിനെ കാനഡയില്‍ അറസ്റ്റ് ചെയ്ത നടപടിയെ തുടര്‍ന്ന് ചൈനയും കാനഡയും യു.എസും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. അമേരിക്കയുടെ നിര്‍ദേശ പ്രകാരമാണ് വാങ്ഷുവിന്റെ അറസ്റ്റെന്നാണ് ചൈനയുടെ ആരോപണം. വാങ്ഷുവിന്റെ അറസ്റ്റ് സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയ ചൈനയിലെ കനേഡിയന്‍ അംബാസിഡറെ കഴിഞ്ഞ ദിവസം സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

അമേരിക്ക ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന വാദവുമായി വാവെയും മെങ് വാങ്ഷുവും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്ക-ചൈന വ്യാപാരയുദ്ധം ടെക് മേഖലയെ ബാധിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുമ്പോഴാണ് അമേരിക്കയുടെ നടപടി.

Similar Posts