< Back
Tech
വാട്സ്ആപ്പ് പെയ്മെന്റിന് പിടി വീഴുമോ ?
Tech

വാട്സ്ആപ്പ് പെയ്മെന്റിന് പിടി വീഴുമോ ?

Web Desk
|
3 Feb 2019 3:30 PM IST

ഒരു മില്യൺ യൂസേഴ്സ് വാട്സ്ആപ്പിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പെയ്മെന്റ് സർവീസ് നിലവില്‍ ഉപയോഗിക്കുന്നുണ്ട്

മെസേജിംഗ് ആപ്പായ വാട്സ്ആപ്പിന്റെ ‘വാട്സ്ആപ്പ് പെയ്മെന്റിന്’ ഇന്ത്യയില്‍ നിയമ കുരുക്ക്. ആപ്പിന്റെ പെയ്മെന്റ് സേവനവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസിൽ ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിന് റിസർവ് ബാങ്കിനോട് കേസില്‍ കക്ഷി ചേരാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ആർ.എഫ് നരിമാൻ, വിനീത് സരൺ എന്നിവരടങ്ങിയ ബെഞ്ചാണ് ആർ.ബി.ഐക്ക് ഇതു സംബന്ധിച്ച നോട്ടീസ് നൽകിയിരിക്കുന്നത്.

വാട്സ്ആപ്പിലൂടെ പെയ്മന്റുകൾ നടത്തുന്നതിനുള്ള പദ്ധതിക്കെതിരെ സെന്റർ ഫോർ അക്കൗണ്ടബിലിറ്റി ആൻഡ് സിസ്റ്റമാറ്റിക്ക് ചെയ്ഞ്ച് (CASC) എന്ന എൻ.ജി.ഒ നൽകിയ പെറ്റീഷന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. പണ കെെമാറ്റവുമായി ബന്ധപ്പെട്ട് ആർ.ബി.ഐയുടെ ചട്ടങ്ങൾ പൂർണ്ണമായും പാലിക്കാതെയാണ് ആപ്പ്, സേവനവുമായി എത്തിയിരിക്കുന്നതെന്ന് സി.എ.എസ്.സി ആരോപിക്കുന്നു. തൽസ്ഥിതി തുടരുന്ന കാലത്തോളം പെയ്മെന്റ് സേവനം നടത്താൻ വാട്സ്ആപ്പിനെ അനുവദിക്കരുതെന്നാണ് ഇവർ വാദിക്കുന്നത്. കേസിൽ മാർച്ച് 5ന് കോടതി വാദം കേൾക്കും. നേരത്തെ, സോളിസിറ്റർ ജനറൽ തുഷാർ മേത്തയും, എൻ.ജി.ഒക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വിരാഗ് ഗുപ്തയും കേസിൽ ആർ.ബി.ഐ ഇടപെടണമെന്ന് ആവശ്യപ്പെടുകയുണ്ടായി.

ഡാറ്റ ലോക്കലെെസേഷനുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ആർ.ബി.ഐ കക്ഷി ചേരേണ്ടത് അത്യാവശ്യമാണെന്നാണ് ഇരുവരും വാദിക്കുന്നത്. ഐ.ടി റൂൾ 2011ന് വിരുദ്ധമായി, ഗ്രീവൻസ് ഓഫീസറെ നിയമിക്കുന്നതുൾപ്പടെയുള്ള ഇന്ത്യൻ നിയമങ്ങൾ വാട്സ്ആപ്പ് പാലിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ഇന്ത്യയുടെ പരമാധികാരത്തിന് വെല്ലുവിളിയായി കൊണ്ടാണ് ഇത്തരം വിദേശ കമ്പനികൾ പ്രവർത്തിക്കുന്നതെന്നും എൻ.ജി.ഒ പറയുന്നു.

ഇന്ത്യയിൽ വാട്സ്ആപ്പിന് 200 ഓളം മില്യൺ ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ ഒരു മില്യൺ യൂസേഴ്സ് വാട്സ്ആപ്പിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പെയ്മെന്റ് സർവീസ് നിലവില്‍ ഉപയോഗിക്കുന്നുണ്ട്. ലോകത്താകമാനം 1.5 ബില്യൺ വാട്സ്ആപ്പ് യൂസേഴ്സ് ഉണ്ടെന്നാണ് കണക്ക്.

Similar Posts