< Back
Sports
Sponsors withdraw; Argentina and Messi will not visit Kerala
Sports

സ്‌പോൺസർമാർ പിൻമാറി; അർജന്റീനയും മെസ്സിയും കേരളത്തിലേക്കെത്തില്ല

Sports Desk
|
16 May 2025 3:57 PM IST

ധാരണപ്രകാരമുള്ള സമയം പിന്നിട്ടിട്ടും സ്പോൺസർ (റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കോർപറേഷൻ) പണം അടച്ചിരുന്നില്ല

കൊച്ചി: കേരളത്തിലെ അർജന്റീന ആരാധകർക്ക് നിരാശ. ലണയൽ മെസ്സിയും സംഘവും സംസ്ഥാനത്തേക്കെത്തില്ല. സ്‌പോൺസർ കരാർ തുക അടക്കാത്തതാണ് ടീം പിൻമാറ്റത്തിന് കാരണമായത്. നേരത്തെ ധാരണയിലെത്തിയ സമയം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും സ്‌പോൺസർ (റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കോർപറേഷൻ) പണം അടച്ചിട്ടില്ല. ഇതോടെയാണ് വരവ് പ്രതിസന്ധിയിലായത്. സംഭവത്തിൽ അർജന്റീന ഫുട്‌ബോൾ ടീം നിയമനടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടുണ്ട്. 300 കോടിയിലധികം രൂപയാണ് ടീമിനെ എത്തിക്കാനായി ചെലവ് പ്രതീക്ഷിച്ചിരുന്നത്.

നേരത്തെ കേരളത്തിലേക്ക് എത്തുമെന്ന് അറിയിച്ച ഒക്ടോബറിൽ മെസ്സിയും സംഘവും ചെനയിൽ കളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെയാണ് കേരളത്തിലേക്കുള്ള വരവ് ഉണ്ടാകില്ലെന്ന് ഉറപ്പായത്. അർജന്റീനൻ മാധ്യമമായ ടിവൈസി സ്‌പോർടാണ് ഇതുസംബന്ധിച്ച് വാർത്ത നൽകിയത്. ഒക്ടോബറിൽ അർജന്റീന ടീം ചൈനയിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുകയെന്ന് ടിവൈസി സ്‌പോർട്‌സ് ചെയ്തു.

ഒക്ടോബറിൽ അർജന്റീന ദേശീയ ഫുട്‌ബോൾ ടീം കേരളത്തിൽ എത്തുമെന്നും രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും കഴിഞ്ഞവർഷം നവംബറിലാണ് കായിക മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചത്. ഇക്കാര്യം പിന്നീട് സ്‌പോൺസർമാരായ എച്ച്എസ്ബിസി സ്ഥിരീകരിക്കുകയുമുണ്ടായി. മത്സരം നടത്താനായി പ്രത്യേക സ്റ്റേഡിയം പണിയുമെന്നും അറിയിച്ചിരുന്നു. നിലവിൽ സ്‌പോൺസർഷിപ്പിൽ അർജന്റീനയുടെ വരവ് മുടങ്ങിയതോടെ പരസ്യമായി പ്രഖ്യാപിച്ച കായിക മന്ത്രി വി അബ്ദുറഹ്‌മാനും സർക്കാരും വെട്ടിലായി. 2011ൽ കൊൽക്കത്തയിലാണ് ലാറ്റിനമേരിക്കൻ ടീം അവസാനമായി കളിക്കാനെത്തിയത്.



Similar Posts