< Back
Sports
Indian women create history; defeat South Africa to win ODI title
Sports

ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ; ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഏകദിന കിരീടം

Sports Desk
|
3 Nov 2025 12:47 AM IST

ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ വനിതാ ലോകകപ്പ് കിരീടമുയർത്തുന്നത്.

നവി മുംബൈ: ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ചരിത്രം പിറന്നു. വനിതാ ഏകദിന ലോകകപ്പിൽ ആദ്യമായി കിരീടമുയർത്തി ഇന്ത്യ. രണ്ട് തവണ ഫൈനലിൽ പരാജയപ്പെട്ട ഇന്ത്യ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് സ്വപ്‌നനേട്ടം സ്വന്തമാക്കിയത്. ആതിഥേയർ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246ൽ ഓൾഔട്ടായി. ഷഫാലി വർമയാണ് ഫൈനലിലെ താരം. 87 റൺസുമായി ഇന്ത്യയുടെ ടോപ് സ്‌കോററായ താരം രണ്ട് നിർണായക വിക്കറ്റുകളും വീഴ്ത്തി. അർധസെഞ്ച്വറിയുമായി കരുത്തായ ദീപ്തി ശർമ അഞ്ചുവിക്കറ്റുമായി ബോളിങിലും തിളങ്ങി. സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരും മികച്ച പിന്തുണ നൽകി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി.ദക്ഷിണാഫ്രിക്കക്കായി ക്യാപ്റ്റൻ ലോറ വോൾവാർഡ(101) സെഞ്ച്വറിയുമായി അവസാനം വരെ പൊരുതിയെങ്കിലും ലക്ഷ്യം അകലെയായിരുന്നു.

മറുപടി ബാറ്റിങിൽ ഭേദപ്പെട്ട തുടക്കമാണ് ദക്ഷിണാഫ്രിക്കക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ വോൾവാർഡ് - ടസ്മിൻ ബ്രിട്ട്സ് (23) സഖ്യം 50 റൺസ് കൂട്ടിചേർത്തു. എന്നാൽ ടസ്മിൻ 10-ാം ഓവറിൽ അമൻജോത് കൗറിന്റെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായതോടെ പ്രോട്ടീസ് തകർച്ച ആരംഭിച്ചു. പിന്നാലെ അന്നകെ ബോഷ് (0) ശ്രീചരണിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. സുനെ ലുസ് (2), മരിസാനെ കാപ്പ് (4), സിനാലോ ജാഫ്ത (16) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇതോടെ അഞ്ചിന് 148 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. എന്നാൽ ഒരുവശത്ത് നായകൻ വോൾവാർഡ് ഉറച്ചുനിന്നതോടെ ഇന്ത്യൻ പ്രതീക്ഷകൾക്ക് ആശങ്കയേറി. എന്നാൽ ദീപ്തി ശർമയുടെ സ്പിൻബോളിങിൽ എതിരാളികൾ കറങ്ങിവീഴുന്നതിനാണ് പിന്നീട് ഡിവൈ പാട്ടീൽ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്.

നേരത്തെ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ സ്മൃതി മന്ദാന - ഷെഫാലി സഖ്യം 104 റൺസ് ചേർത്തിരുന്നു. എന്നാൽ 18-ാം ഓവറിൽ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. ക്ലോ ട്രൈയോണിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സിനാലോ ജാഫ്തയ്ക്ക് ക്യാച്ച് നൽകി മന്ദാന മടങ്ങി. 58 പന്തുകൾ നേരിട്ട താരം എട്ട് ബൗണ്ടറികൾ നേടി. തുടർന്നെത്തിയ ജമീമ റോഡ്രിഗസ് (24), ഷെഫാലിക്കൊപ്പം 62 റൺസ് കൂട്ടിചേർത്തു. എന്നാൽ ഷെഫാലി 28-ാം ഓവറിൽ മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ഹർമൻപ്രീത് കൗറിനും വലിയ ഇന്നിങ്‌സ് (20) പടുത്തുയർത്താനായില്ല. ഇതിനിടെ ജമീമയും കൂടാരം കയറി. അമൻജോത് കൗർ (12) കൂടി മടങ്ങിയതോടെ ഒരുവേള അഞ്ചിന് 245 എന്ന നിലയിലായി ഇന്ത്യ. തുടർന്ന് റിച്ചഘോഷ്- ദീപ്തി ശർമ കൂട്ടുകെട്ട് 47 റൺസ് കൂട്ടിചേർത്തത് ഇന്ത്യൻ ഇന്നിങ്‌സിൽ നിർണായകമായി.




Similar Posts