< Back
Kerala
കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
Kerala

കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

Web Desk
|
12 May 2022 9:38 PM IST

കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിനുള്ള മറുപടി നാളെ അറിയിക്കുമെന്ന് കെ.വി തോമസ് പ്രതികരിച്ചു

തിരുവനന്തപുരം: കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കെ.പി.സി.സിയുടേതാണ് തീരുമാനം. തോമസ് പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കെ.പി.സി.സി.അതേസമയം, കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിലുള്ള പ്രതികരണം നാളെ അറിയിക്കുമെന്ന് കെ.വി തോമസ് പ്രതികരിച്ചു.

ഏറെക്കാലമായി കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കരയിൽ ഇന്ന് നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കാട്ടി അദ്ദേഹത്തെ കെ.പി.സി.സി പുറത്താക്കിയത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി. തോമസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിന് തന്നെ പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

കെ.വി. തോമസ് പാർട്ടിയിലും കോൺഗ്രസ് മനസ്സിലുമില്ലെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കോൺഗ്രസ് മനസ്സിൽ തോമസ് ഇല്ലാത്തതിനാൽ പുറത്താക്കലിന് ഇപ്പോൾ പ്രാധാന്യമില്ലെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.

Related Tags :
Similar Posts