< Back
Kerala
വി.ഡി സതീശന്‍ പ്രതിപക്ഷനേതാവ്
Kerala

വി.ഡി സതീശന്‍ പ്രതിപക്ഷനേതാവ്

Web Desk
|
22 May 2021 10:46 AM IST

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സതീശനെ പ്രതിപക്ഷനേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചത്.

വി.ഡി സതീശനെ പുതിയ പ്രതിപക്ഷനേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സതീശനെ പ്രതിപക്ഷനേതാവായി തിരഞ്ഞെടുത്തത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാന്‍ ശക്തമായി രംഗത്ത് വന്നെങ്കിലും കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ പിന്തുണയാണ് സതീശന് തുണയായത്. തലമുറ മാറ്റം വേണമെന്ന ആവശ്യം രാഹുല്‍ ഗാന്ധി നിലപാട് സ്വീകരിച്ചതോടെയാണ് സതീശന് നറുക്ക് വീണത്. ഹൈക്കമാന്‍ഡ് തീരുമാനം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് സംസ്ഥാന ഘടകത്തെ അറിയിച്ചത്.

യുവ എം.എൽ.എമാരുടെ ശക്തമായ പിന്തുണയെ തുടർന്നാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. പ്രതിപക്ഷ നേതാവായി വി.ഡി സതീശന്‍ വരണമെന്ന് ഒരു വിഭാഗം ശക്തമായി ഉന്നയിച്ചിരുന്നു. പ്രതിപക്ഷത്ത് മികച്ച പ്രകടനം കാഴ്ച്ച വെച്ച വി.ഡി സതീശന് പാര്‍ട്ടിയില്‍ വലിയ അവഗണന നേരിടുന്നതായി ആരോപിച്ച ഒരു വിഭാ​ഗം, ഗ്രൂപ്പ് കളിയില്‍ വി.ഡി സതീശന് അര്‍ഹമായ സ്ഥാനം ലഭിച്ചില്ലെന്നും പറഞ്ഞു. എം.എൽ.എമാർക്ക് പുറമെ, എം.പിമാരിൽ നിന്നും വി.ഡി സതീശന് പിന്തുണ ലഭിച്ചിരുന്നു. എം.പിമാരില്‍ ഒരാളൊഴികെ എല്ലാവരും സതീശനെ പിന്തുണച്ചു. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ 11 പേരും സതീശനെ പിന്തുണച്ചു.

1964 മെയ് 31ന് എറണാകുളം ജില്ലയിലെ നെട്ടൂരില്‍ വടശ്ശേരി ദാമോദര മേനോന്റെയും വി. വിലാസിനിയമ്മയുടെയും മകനായാണ് വി.ഡി സതീശന്‍ ജനിച്ചത്. കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1986-87 കാലത്ത് എം.ജി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായിരുന്നു. നിയമ ബിരുദധാരിയാണ്. എന്‍.എസ്.യു ദേശീയ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്.

2001ല്‍ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എം ദിനകരനെ 7,792 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സതീശന്‍ ആദ്യമായി നിയമസഭയിലെത്തിച്ചത്. പിന്നീട് 2006, 2011, 2016, 2021 വര്‍ഷങ്ങളിലും പറവൂരില്‍ നിന്ന് നിയമസഭയിലെത്തി. പരന്ന വായനയും നിരീക്ഷണ പാടവവുമുള്ള വി.ഡി സതീശന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയുള്ള നേതാവാണ്.

Related Tags :
Similar Posts