< Back
Travel
bioluminescence
Travel

കവര് പൂക്കും കാലമായി; കണ്ണുനിറയെ കാണാന്‍ പോന്നോളൂ...

Web Desk
|
22 Feb 2026 2:54 PM IST

വേനല്‍ മഴ കിട്ടിയതിനാല്‍ ഇപ്പോള്‍ ചെറുതായി കാണുന്ന കവര് അടുത്ത മാസത്തോടെ നന്നായി കാണാനാകും

സാധാരണ ജനുവരി അവസാനം എത്തുന്ന 'കവര്' ഈ വര്‍ഷം അല്‍പം താമസിച്ചാണെങ്കിലും എത്തിയിരിക്കുകയാണ്. 2026 തുടക്കം അന്തരീക്ഷ താപനില സാധാരണയില്‍ താഴ്ന്ന് നിന്നതിനാല്‍ കായലില്‍ ആവശ്യമായ ലവണാംശം എത്തുവാന്‍ താമസിച്ചതിനാലാണ് കവരും താമസിച്ചത്. വേനല്‍മഴ കിട്ടിയതിനാല്‍ ഇപ്പോള്‍ ചെറുതായി കാണുന്ന കവര് അടുത്ത മാസത്തോടെ നന്നായി കാണാനാകും. സിനിമയിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഏറെ വൈറലായ കവര് നിശ്ചിത സാന്ദ്രതയുള്ള കടല്‍, കായല്‍ പ്രദേശങ്ങളിലും എറണാകുളം ജില്ലയിലെ ചെല്ലാനം, കുമ്പളങ്ങി, ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളം, പനങ്ങാട്, ചേപ്പനം, പെരുമ്പളം മുതലായ സ്ഥലങ്ങളിലെ കായല്‍, തോട്, ചെമ്മീന്‍കെട്ട്, പാടശേഖരങ്ങളിലും തീരക്കടലുകളിലും നന്നായി ദൃശ്യമാകും.

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമക്ക് ശേഷമാണ് യുവാക്കള്‍ കൂടുതലായി കവര് പൂക്കുന്നത് തേടിവരാന്‍ തുടങ്ങിയത്. ഉപ്പുള്ള കടല്‍, കായല്‍ വെള്ളത്തിലെ സൂക്ഷ്മ ജീവിവര്‍ഗങ്ങളായ ആല്‍ഗ, ബാക്ടീരിയ, ഫംഗസ് മുതലായവയുടെ ചില വകഭേദങ്ങള്‍ക്ക് സൂര്യപ്രകാശം ആഗിരണം ചെയ്യാനും പിന്നീട് പ്രകാശം പുറത്തു വിടാനുമുള്ള കഴിവുണ്ട്. ഇതിനെ ബയോലൂമിനസെന്‍സ് എന്നാണ് പറയുന്നത്. കടല്‍വെള്ളത്തില്‍ ജീവിക്കുന്ന നൊക്റ്റിലൂക്ക സിന്റിലന്‍സ് എന്ന ഏകകോശ ജീവിയുടെ ജൈവ ദീപ്തിയാണ് (ബയോലൂമിനസെന്‍സ്) കവര് എന്ന സീ സ്പാര്‍ക്കിള്‍. ശത്രുക്കളില്‍ നിന്ന് രക്ഷനേടുന്നതിന് വേണ്ടിയാണ് ഇവ പ്രകാശം പുറപ്പെടുവിക്കാറുള്ളത്. ജലത്തില്‍ ഇളക്കം തട്ടുമ്പോഴും അവയ്ക്ക് ആവശ്യം ഉള്ളപ്പോഴും അവിടെയുള്ള എല്ലാ നൊക്റ്റിലൂക്കകളും ഒന്നായി ചേര്‍ന്ന് പുറപ്പെടുവിക്കുന്ന പ്രകാശമാണ് നമുക്ക് നയനമനോഹര നീല വെളിച്ചമായി ദൃശ്യവിസ്മയം തീര്‍ക്കുന്നത്.

പ്രകാശത്തോടൊപ്പം ചൂട് പുറത്തു വിടാത്തതിനാല്‍ 'തണുത്ത വെളിച്ചം' എന്നും ഇതിനെ പറയും. ബയോലൂമിനസെന്‍സ്, ഫ്‌ലൂറസെന്‍സ് എന്നിവയെല്ലാം ചില ജീവിവര്‍ഗങ്ങള്‍ക്കുള്ള പ്രത്യേകതയാണ്. മിന്നാമിനുങ്ങിനെ പോലെ പ്രകാശം പുറത്തേയ്ക്ക് വിടുവാനുള്ള പ്രത്യകതരം ജീവിവര്‍ഗങ്ങളുടെ കഴിവിനെ ബയോലുമിനസെന്‍സ് അഥവ ജൈവ പ്രകാശോത്സര്‍ജനം എന്ന് പറയും. പ്രകാശമോ മറ്റേതെങ്കിലും വൈദ്യുത കാന്തിക വികിരണമോ ആഗിരണം ചെയ്ത്, അതിനെക്കാള്‍ തരംഗ ദൈര്‍ഘ്യമുള്ള പ്രകാശത്തെ ആവശ്യം ഉള്ളപ്പോള്‍ പുറത്തു വിടുവാന്‍ ചില പദാര്‍ഥങ്ങള്‍ക്കും ജീവികള്‍ക്കും കഴിവുണ്ട്. ഇതിന് ഫ്‌ലൂറസെന്‍സ് എന്നു പറയും.

സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളെയാണ് ജലജീവികള്‍ ആഗിരണം ചെയ്ത് നയന മനോഹരമായ കവരാക്കി മാറ്റുന്നത്. ആവശ്യാനുസരണം പ്രകാശം പുറത്ത് വിടുവാനും, നിര്‍ത്താനുമുള്ള ഡിമ്മര്‍ സ്വിച്ച് ഇവയ്ക്കുണ്ട്. ഒക്‌സിജന്‍ നിയന്ത്രിച്ച് കടത്തിവിട്ട് അള്‍ട്രാ വയലറ്റ് രശ്മികളില്‍ ഓക്‌സിഡേഷന്‍ നടത്തിയാണ് പ്രകാശം പുറത്ത് വിടുന്നത്.

ഉപ്പിന്റെ സാന്നിധ്യം കടല്‍ ജലത്തിന് സമാനമായി കായല്‍ ജലത്തിലും കൂടുന്ന വേനല്‍ക്കാലത്ത് മാത്രമാണ് കായലിലെ ഈ നീല വെളിച്ചം മനുഷ്യനേത്രങ്ങളാല്‍ വ്യക്തമാകുക. സാധാരണ വേനല്‍ കടുത്ത് ഉപ്പ് കൂടുന്ന ഫെബ്രുവരി മുതല്‍ ഏപ്രില്‍, മെയ് വരെ കായലുകളിലെ ഒഴുക്ക് കുറഞ്ഞ പ്രദേശങ്ങളില്‍ ഇത് നന്നായി കാണാന്‍ കഴിയും. ശക്തമായ വേനല്‍മഴ പെയ്ത് വെള്ളത്തില്‍ ഉപ്പിന്റെ സാന്ദ്രത കുറയുമ്പോഴും ശക്തിയായി കാറ്റ് അടിക്കുമ്പോഴും ഈ ജീവികള്‍ സുരക്ഷയ്ക്കായി ജലത്തിന്റെ അടിത്തട്ടിലേയ്ക്ക് മാറുന്നതിനാല്‍ ഉപരിതലത്തില്‍ കവര് അപ്രത്യക്ഷമാകും. നല്ല ഇരുട്ടുള്ള രാത്രി കായലോളങ്ങളിലും കടല്‍ തിരമാലകളിലും കവര് കാണാം. വെള്ളം ഇളക്കിയാലും മീന്‍ ഓടുമ്പോഴും കൈക്കുമ്പിളില്‍ വെള്ളം കോരിയെടുത്താല്‍ പോലും കവര് എന്ന നീല വെളിച്ചം കാണാനാകും.

Similar Posts