International Old
1000 കാമുകിമാരെ ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കി; കള്‍ട്ട് നേതാവിന് 1,075 വര്‍ഷം തടവ് ശിക്ഷ വിധിച്ച് തുര്‍ക്കി കോടതി
International Old

1000 'കാമുകിമാരെ' ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കി; കള്‍ട്ട് നേതാവിന് 1,075 വര്‍ഷം തടവ് ശിക്ഷ വിധിച്ച് തുര്‍ക്കി കോടതി

|
12 Jan 2021 12:19 PM IST

സ്വന്തം ടെലിവിഷന്‍ ചാനലിന്റെ സ്റ്റുഡിയോയില്‍ എത്തിയ സ്ത്രീകളെയാണ് ഇയാള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്

ഇസ്തംബൂള്‍: പ്രായപൂര്‍ത്തിയാകാത്ത 1000 'കാമുകിമാരെ' തടവില്‍ പാര്‍പ്പിച്ച് ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കിയ വിശ്വാസി സമൂഹത്തിന്റെ (കള്‍ട്ട്) നേതാവിന് 1,075 വര്‍ഷം തടവ് ശിക്ഷ വിധിച്ച് തുര്‍ക്കി കോടതി. ലൈംഗിക കുറ്റകൃത്യം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി, ഹാറൂന്‍ യഹ്‌യ എന്ന തൂലിക നാമത്തില്‍ അറിയപ്പെടുന്ന അദ്‌നാന്‍ ഒഖ്തറിനെയാണ് കോടതി ശിക്ഷിച്ചത്. ഏകദേശം ഒരു ഡസണോളം പുസ്തകള്‍ മലയാളത്തിലുമുണ്ട്.

സ്വന്തം ടെലിവിഷന്‍ ചാനലിന്റെ സ്റ്റുഡിയോയില്‍ എത്തിയ സ്ത്രീകളെയാണ് ഇയാള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. 64 കാരനായ ഒഖ്തറും അദ്ദേഹത്തിന്റെ നൂറുകണക്കിന് അനുയായികളും 2018 ല്‍ അറസ്റ്റുചെയ്യപ്പെടുകയും അദ്ദേഹത്തിന്റെ ടിവി ചാനല്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

1990കളിലാണ് പ്രതി ആദ്യമായി രാജ്യത്തും പുറത്തും വാര്‍ത്തകളില്‍ നിറയുന്നത്. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് പേരുകേട്ട ഒരു സംഘത്തിന്റെ നേതാവായിട്ടായിരുന്നു രംഗപ്രവേശം. ഇത്തരം ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ ഒരു ടെലിവിഷന്‍ ചാനലും ഇയാള്‍ ഓണ്‍ലൈനായി നടത്തി. ഒഖ്തര്‍ ഹാറൂന്‍ എന്ന പേരില്‍ 'ദ അറ്റ്‌ലസ് ഓഫ് ക്രിയേഷന്‍' എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.

ഇസ്തംബൂള്‍ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒഖ്തറുടെ സംഘടനയിലെ മറ്റു രണ്ടുപേര്‍ക്കും 200 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്. 236 പേരാണ് ആകെ വിചാരണ നേരിട്ടത്. കോടതിക്ക് മുമ്പാകെ പ്രതിയുടെ കുറ്റസമ്മതങ്ങള്‍ തുര്‍ക്കി മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

Similar Posts