
ദുബൈ ഫ്രെയിമിലേക്ക് ഇനി ഇ ടിക്കറ്റ്; വെബ്സൈറ്റും ആപും മുഖേന ബുക്ക് ചെയ്യാം
|നഗരത്തിലെ എല്ലാ സംവിധാനങ്ങളും സ്മാർട്ട് രീതിയിൽ ഉപയുക്തമാക്കാൻ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇ ടിക്കറ്റിങ്.
ചുരുങ്ങിയ കാലം കൊണ്ട് ദുബൈ നഗരത്തിലെ പ്രധാന കാഴ്ചാ കേന്ദ്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞ ദുബൈ ഫ്രെയിമിലേക്കുള്ള പ്രവേശനത്തിന് ഇ ടിക്കറ്റ് സൗകര്യവും. സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
www.dubaiframe.ae എന്ന വെബ്സൈറ്റും സ്മാര്‍ട്ഫോണ്‍ ആപ്പും മുഖേനയുള്ള ബുക്കിങ് ഉദ്ഘാടനം നഗരസഭാ ഡയറക്ടര്‍ ജനറല്‍ ദാവൂദ് അബ്ദുറഹ്മാന്‍ അല്‍ ഹജിറി നിര്‍വഹിച്ചു. മുതിര്‍ന്നവര്‍ക്ക് 50ദിര്‍ഹവും മൂന്നിനും12നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 20 ദിര്‍ഹവുമാണ് പ്രവേശന നിരക്ക്.
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, മൂന്നു വയസുവരെയുള്ള കുഞ്ഞുങ്ങള്‍, ശാരീരിക വ്യതിയാനങ്ങളും ഭിന്നശേഷിയും ഉള്ള നിശ്ചയദാര്‍ഢ്യവിഭാഗത്തില്‍പെട്ടവര്‍ എന്നിവര്‍ക്ക് പ്രവേശനം സൗജന്യം. 800900 നമ്പറില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.
നഗരത്തിലെ എല്ലാ സംവിധാനങ്ങളും സ്മാര്‍ട്ട് രീതിയില്‍ ഉപയുക്തമാക്കാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമാണ് ഇ ടിക്കറ്റിങ് എന്ന് അസി. ഡി.ജി മുഹമ്മദ് മുബാറക് അല്‍ മുതൈവി പറഞ്ഞു. വിനോദ കേന്ദ്ര വിഭാഗം ഡയറക്ടര്‍ ഖാലിദ് അല്‍ ദുവൈദിയും ചടങ്ങില്‍ സംബന്ധിച്ചു.