< Back
UAE
പൊതുമാപ്പ് ആനുകൂല്യം വീണ്ടും നീട്ടി യു.എ.ഇ
UAE

പൊതുമാപ്പ് ആനുകൂല്യം വീണ്ടും നീട്ടി യു.എ.ഇ

Web Desk
|
3 Dec 2018 10:59 PM IST

മുഴുവന്‍ അനധികൃത താമസക്കാര്‍ക്കും സ്വദേശത്തേക്ക് മടങ്ങാനോ, താമസം നിയമവിധേയമാക്കാനോ അവസരം നല്‍കാനാണ് വീണ്ടും പൊതുമാപ്പ് കാലാവധി നീട്ടിനല്‍കുന്നത്

യു.എ.ഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം നീട്ടി. ഈമാസം 31 വരെയാണ് ആനുകൂല്യം നീട്ടി നല്‍കിയത്. ആഗസ്റ്റ് ഒന്ന് മുതല്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഇത് രണ്ടാം തവണയാണ് നീട്ടി നല്‍കുന്നത്. വിസാ നിയമം ലംഘിച്ച് യു.എ.ഇയില്‍ തങ്ങുന്ന പ്രവാസികള്‍ക്ക് ഈ നടപടി ആശ്വാസമാകും.

പൊതുമാപ്പ് ആനുകൂല്യം നീട്ടി നല്‍കിയതോടെ യു.എ.ഇയില്‍ താമസ, കുടിയേറ്റ വിസാ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്ന പ്രവാസികള്‍ക്ക് ഡിസംബര്‍ 31 വരെ പിഴ ശിക്ഷയില്ലാതെ നാട്ടിലേക്ക് മടങ്ങാം. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍നഹ്‍യാന്റെ ഉത്തരവ് അനുസരിച്ചാണ് പൊതുമാപ്പ് നീട്ടുന്നതെന്ന് ദുബൈ താമസകുടിയേറ്റ വകുപ്പ് വാക്താവ് ലഫ് കേണല്‍ അഹമ്മദ് അല്‍ ദലാല്‍ അറിയിച്ചു. ആഗസ്റ്റ് ഒന്ന് മുതല്‍, മൂന്ന് മാസത്തേക്കാണ് പൊതുമാപ്പ് നിലവില്‍ വന്നത്. പിന്നീട് നവംബര്‍ 30 വരെ നീട്ടി.

മുഴുവന്‍ അനധികൃത താമസക്കാര്‍ക്കും സ്വദേശത്തേക്ക് മടങ്ങാനോ, താമസം നിയമവിധേയമാക്കാനോ അവസരം നല്‍കാനാണ് ഈ മാസം അവസാനം വരെ വീണ്ടും പൊതുമാപ്പ് കാലാവധി നീട്ടിനല്‍കുന്നത്. വിവിധ രാജ്യക്കാരായ ആയിരങ്ങള്‍ പൊതുമാപ്പിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും കൃത്യമായ കണക്കുകള്‍ ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. നിയമലംഘിച്ച് താമസിക്കുന്ന ഇന്ത്യക്കാരുടെയും മലയാളികളുടെയും എണ്ണം താരതമ്യേന ഇത്തവണ കുറവാണെന്നാണ് കണക്കുകള്‍.

Similar Posts