< Back
UAE
‘കമോണ്‍ കേരള’ക്ക് ഈ മാസം 14ന് തുടക്കമാകും
UAE

‘കമോണ്‍ കേരള’ക്ക് ഈ മാസം 14ന് തുടക്കമാകും

Web Desk
|
12 Feb 2019 1:44 AM IST

ഗള്‍ഫ് മാധ്യമം ഷാര്‍ജയില്‍ സംഘടിപ്പിക്കുന്ന കമോണ്‍ കേരള വാണിജ്യ സംസ്കാരിക പ്രദര്‍ശനത്തിന് ഈ മാസം 14ന് തുടക്കമാകും. മൂന്ന് ദിവസം നീളുന്ന മേള, ഷാര്‍ജ കിരീടാവകാശി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ഖാസിമി ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് നടക്കുന്ന ബിസിനസ് കോണ്‍ക്ലേവിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

മുഖ്യന്ത്രിക്ക് പുറമെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ലുലു ഗ്രൂപ്പ് മേധാവി യൂസഫലി എന്നിവര്‍ കമോണ്‍ കേരളയിലെ പരിപാടികളില്‍ അതിഥികളായി എത്തുമെന്ന് ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കമോണ്‍ കേരള യു.എ.ഇ - ഇന്ത്യ വ്യവസായ മുന്നേറ്റത്തിനും സാംസ്കാരിക വിനിമയത്തിനും വഴിയൊരുക്കുമെന്ന് ഷാർജ ചേംബർ ഒഫ് കൊമേഴ്സ് മാധ്യമ വിഭാഗം ഡയറക്ടർ ജമാൽ സഈദ് അഹ്മദ് ബൂസിൻജാൽ, ഷാർജ എക്സ്പോ സെന്റര്‍ ഉന്നത സമിതി അംഗം സുൽതാൻ അൽ ബാഹ് എന്നിവര്‍ പറഞ്ഞു.

ബിസിനസ് കോണ്‍ക്ലേവിന് പുറമെ തൊഴിലന്വേഷകർക്കായി കരിയർ ഫെസ്റ്റ്, സി.വി ക്ലിനിക് എന്നിവ മേളയുടെ ഭാഗമാണ്. ഗായിക ചിത്രമയുടെ 40 വര്‍ഷത്തെ സംഗീത ജീവിതം വിവരിക്കുന്ന ചിത്രവർഷങ്ങൾ, ഇൻഡോ - അറബ് വിമൺ എക്സലൻസ് അവാർഡ് വിതരണം, ടേസ്റ്റി ഇന്ത്യ ഭക്ഷ്യമേള തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.

ഗള്‍ഫ് മാധ്യമം റെസിഡന്റ് എഡിറ്റര്‍ പി ഐ നൗഷാദ്, മാധ്യമം ജനറല്‍ മാനേജരായ കെ മുഹമ്മദ് റഫീഖ്, കളത്തില്‍ ഫാറൂഖ്, പ്രായോജകരായ ജോണ്‍ പോള്‍ ആലുക്കാസ്, ടിറ്റോ അലി സായിദ്, റാഷിദ് അബ്ബാസ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Similar Posts