
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നയം പ്രഖ്യാപിച്ച് യു.എ.ഇ
|പ്രധാനമേഖലകളിലെല്ലാം നിര്‍മിത ബുദ്ധി ഫലപ്രദമായി ഉപയോഗിച്ച് മുന്നേറാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി
യു.എ.ഇ നിര്‍മിതബുദ്ധി നയം പ്രഖ്യാപിച്ചു. വിവിധ സര്‍ക്കാര്‍ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി 2031 നുള്ളില്‍ ഈ രംഗത്ത് ആഗോളതലത്തില്‍ മുന്നിലെത്താന്‍ ലക്ഷ്യമിടുന്നതാണ് നയം. നിര്‍മിത ബുദ്ധി നയത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കി.
രാജ്യത്തിന്റെ മര്‍മ്മ പ്രധാനമേഖലകളിലെല്ലാം നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫലപ്രദമായി ഉപയോഗിച്ച് മുന്നേറാന്‍ ലക്ഷ്യമിടുന്നതാണ് യു.എ.ഇ പ്രഖ്യാപിച്ച ‘നാഷല്‍ ഇന്റലിജന്‍സ് സ്ട്രാറ്റജി 2031’.
ഗതാഗതം, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് നിര്‍മിത ബുദ്ധി കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക. ജനങ്ങളുടെ ജീവിതം, ബിസിനസ്, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയുടെ അവിഭാജ്യഘടകമാക്കി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാറുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം പറഞ്ഞു.
നയം നടപ്പാക്കുന്നതിന് എമിറേറ്റ്സ് കൗണ്‍സില്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ മേല്‍നോട്ടം വഹിക്കും. വിവിധ ലോക്കല്‍, ഫെഡറല്‍ വകുപ്പുകളും ഇതിന്റെ ഭാഗമാകും.