< Back
Latest News
യു.പിയില്‍ ഉറങ്ങിക്കിടന്ന ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊന്നു
Latest News

യു.പിയില്‍ ഉറങ്ങിക്കിടന്ന ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊന്നു

Web Desk
|
31 May 2021 2:50 PM IST

പ്രതിയെന്ന് സംശയിക്കുന്ന ആളെ അറസ്റ്റ് ചെയ്തതായി ബരാബങ്കി പൊലീസ് സൂപ്രണ്ട് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കുട്ടിയുടെ കണ്ണിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി ഉറങ്ങിക്കിടക്കുമ്പോള്‍ ഒരു കൂട്ടം അക്രമികള്‍ തട്ടിക്കൊണ്ടുപോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഞായറാഴ്ച രാത്രിയിലാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ കുളത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയല്‍വാസിയായ യുവാവാണ് പ്രതിയെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു.

അവനൊരു ക്രിമിനലാണ്, പ്രദേശവാസികള്‍ക്ക് അയാളെ ഭയമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഞങ്ങളും അയാളും തമ്മില്‍ ഒരു ഭൂമിതര്‍ക്കമുണ്ടായിരുന്നു. അയാളെ ഭയന്ന് ഭൂമി അയാള്‍ക്ക് കൊടുക്കുകയായിരുന്നു. ഞങ്ങളുടെ മകള്‍ രാത്രി വീട്ടില്‍ ഉറങ്ങുകയായിരുന്നു. തട്ടിക്കൊണ്ടുപോവുമ്പോള്‍ അവള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരിക്കണം. അതിനു ശേഷം അവള്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാവാം-പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

പെണ്‍കുട്ടിയുടെ ഒരു കണ്ണ് പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. അവളുടെ കഴുത്തിലും മുറിവുണ്ടായിരുന്നു. എന്റെ മകള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ പ്രതിയെ തൂക്കിലേറ്റണം-പിതാവ് പറഞ്ഞു.

പ്രതിയെന്ന് സംശയിക്കുന്ന ആളെ അറസ്റ്റ് ചെയ്തതായി ബരാബങ്കി പൊലീസ് സൂപ്രണ്ട് പറഞ്ഞു. പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts