< Back
Entertainment
ആ സ്‌കൂളിൽ എപ്പോഴും ക്യാപ്റ്റൻ ആൺകുട്ടി മാത്രം, പെൺകുട്ടികൾക്ക് വൈസ് ക്യാപ്റ്റനാകാനെ കഴിയു; ഡബ്ല്യുസിസി മുന്നോട്ട് വെക്കുന്ന കാര്യങ്ങൾ വെളിച്ചം കാണണമെന്ന് സംയുക്ത മേനോൻ
Entertainment

'ആ സ്‌കൂളിൽ എപ്പോഴും ക്യാപ്റ്റൻ ആൺകുട്ടി മാത്രം, പെൺകുട്ടികൾക്ക് വൈസ് ക്യാപ്റ്റനാകാനെ കഴിയു'; ഡബ്ല്യുസിസി മുന്നോട്ട് വെക്കുന്ന കാര്യങ്ങൾ വെളിച്ചം കാണണമെന്ന് സംയുക്ത മേനോൻ

Web Desk
|
10 July 2022 9:10 AM IST

കടുവയിൽ മൂന്ന് കുട്ടികളുടെ അമ്മയായി അഭിനയിച്ചതുകൊണ്ട് അമ്മവേഷങ്ങളുടെ ലേബൽ വരുമെന്ന് കരുതുന്നില്ല. നേരത്തെ വെളളത്തിലും അമ്മയായി അഭിനയിച്ചിരുന്നു. പൃഥ്വിരാജ് അടക്കമുളള താരങ്ങൾ കുട്ടികളുടെ അച്ഛനായി അഭിനയിക്കുമ്പോൾ ഇത്തരം ചോദ്യങ്ങൾ ഉണ്ടാകുന്നില്ലെന്നും സംയുക്ത പറയുന്നു.

സിനിമയിൽ സംഘടനകൾ നല്ലതാണെന്നും ഡബ്ല്യുസിസി പോലെ ചോദ്യം ചെയ്യാൻ ആളുണ്ടാകുന്നത് നല്ല കാര്യമാണെന്നും നടി സംയുക്താ മേനോൻ. പുതിയ ചിത്രമായ കടുവയുടെ പ്രചരാണാർത്ഥം മീഡിയവണിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. താരസംഘടനയായ അമ്മയിലും വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയിലും താൻ മെംബർ അല്ല. വേറൊന്നും കൊണ്ടല്ല ഒരു സംഘടനയിൽ ഭാഗമാകുമ്പോൾ അതിന് നമ്മൾ കൊടുക്കേണ്ട കമ്മിറ്റ്‌മെന്റും ഇൻവോൾവ്‌മെന്റും ഉണ്ട്. അത് കൊടുക്കാൻ പറ്റുന്ന, ഒരു മെംബർ ആയിരിക്കും താനെന്ന് വിശ്വസിക്കുന്നില്ല. അതേ സമയത്ത് തന്നെ ഈ രണ്ട് സംഘടനകളും അത്യാവശമാണ്, ആവശ്യവുമാണെന്നും താരം പറഞ്ഞു. കടുവയിൽ മൂന്ന് കുട്ടികളുടെ അമ്മയായി അഭിനയിച്ചതുകൊണ്ട് അമ്മവേഷങ്ങളുടെ ലേബൽ വരുമെന്ന് കരുതുന്നില്ല. നേരത്തെ വെളളത്തിലും അമ്മയായി അഭിനയിച്ചിരുന്നു. പൃഥ്വിരാജ് അടക്കമുളള താരങ്ങൾ കുട്ടികളുടെ അച്ഛനായി അഭിനയിക്കുമ്പോൾ ഇത്തരം ചോദ്യങ്ങൾ ഉണ്ടാകുന്നില്ലെന്നും നടിമാരോട് മാത്രമാണ് ഈ രീതിയിൽ ചോദ്യങ്ങൾ ഉണ്ടാകുന്നതെന്നും സംയുക്ത പറയുന്നു.

സംയുക്തയുടെ വാക്കുകൾ ഇങ്ങനെ

അമ്മ, ഡബ്ല്യുസിസി എന്നീ സംഘടനകളിൽ ഒന്നും ഒഫീഷ്യലി ഞാൻ ഭാഗമല്ല. ഡബ്ല്യുസിസിയുടെതായി സൈബർ സുരക്ഷയെക്കുറിച്ചുളള, സൈബർ ആക്രമണങ്ങളെക്കുറിച്ചുളള ഒരു സെമിനാറിലാണ് ഞാൻ പങ്കെടുത്തത്. ഇതല്ലാതെ അമ്മയിലും ഡബ്ല്യുസിസിയിലും ഞാൻ മെംബർ അല്ല. ഇതിനുളള കാരണം എന്താണെന്ന് വെച്ചാൽ ഒരു സംഘടനയിൽ ഭാഗമാകുമ്പോൾ അതിന് നമ്മൾ കൊടുക്കേണ്ട കമ്മിറ്റ്‌മെന്റും ഇൻവോൾവ്‌മെന്റും ഉണ്ട്. അത് കൊടുക്കാൻ പറ്റുന്ന, ആ സംഘടനയ്ക്ക് വേണ്ടുന്ന ഡിസിപ്ലീൻ പാലിക്കാൻ പറ്റുന്ന ഒരു മെംബർ ആയിരിക്കും ഞാനെന്ന് വിശ്വസിക്കുന്നില്ല. അതേ സമയത്ത് തന്നെ ഈ രണ്ട് സംഘടനകളും അത്യാവശമാണ്. എന്നെങ്കിലും ഒരു കാലത്ത് സംഘടനയ്ക്ക് ഉപകാരപ്പെടുന്ന രീതിയിൽ എനിക്കൊരു മെംബർ ആകാൻ പറ്റും എന്നുളളപ്പോൾ ഒരു മെംബറായി സംഘടനയുമായി മുന്നോട്ട് പോകാൻ തയ്യാറാണ്.

നമ്മൾക്ക് ഒരിടത്ത് പ്രശ്‌നം ഉണ്ടെന്ന് തോന്നുവാണേൽ, നമ്മൾക്ക് ആ പ്രശ്‌നം ഐഡന്റിഫൈ ചെയ്യാൻ പറ്റുക എന്നതാണ് ആദ്യത്തെ പോയിന്റ്. ഞാൻ പഠിച്ച സ്‌കൂളിൽ ക്യാപ്റ്റൻ എപ്പോഴും ആൺകുട്ടി ആയിരുന്നു. പെൺകുട്ടികൾക്ക് വൈസ് ക്യാപ്റ്റനാകാനെ കഴിയു, അത് അവിടുത്തെ റൂളാണ്. പിന്നീട് ഈ മൂവ്‌മെന്റ്‌സ് വരുമ്പോഴും, ചർച്ചകൾ വരുമ്പോഴും നമ്മൾ ഇക്വാലിറ്റിയെക്കുറിച്ച് സംസാരിക്കുമ്പോഴും ഒക്കെയാണ് നമ്മൾക്ക് അവിടെ ഒരു പ്രശ്‌നം ഉണ്ടായിരുന്നതായി മനസിലാകുന്നത്.

അല്ലെങ്കിൽ സിനിമകളിൽ സ്ത്രീകളെ പ്രസന്റ് ചെയ്യുന്ന രീതിയിൽ, കഥാപാത്രങ്ങളെ പ്രസന്റ് ചെയ്യുന്ന രീതിയിൽ, ഡയലോഗുകൾ, ഇതെല്ലാം ആരെങ്കിലും ചൂണ്ടിക്കാട്ടുന്നേരമാണ് ഇതിലൊരു പ്രശ്‌നം ഉണ്ടെന്ന് മനസിലാകുന്നത്.ആ പ്രോബ്‌ളം ആദ്യം മുന്നോട്ട് വെക്കുന്നു, അതിൽ ചർച്ചകൾ നടക്കുന്നു, പിന്നീടാണ് മാറ്റങ്ങൾ സംഭവിക്കുന്നത്. മലയാള സിനിമ മാത്രമല്ല, ലോകം മുഴുവൻ പലരീതിയിലുളള റെവല്യൂഷണറിയായിട്ടുളള മൂവ്‌മെന്റ്‌സ് നടക്കുന്ന സമയമാണിത്. പല രീതിയിലുളള ആശയങ്ങൾ മുന്നോട്ട് വരുന്ന സമയമാണിത്. ഡബ്ല്യുസിസി മുന്നോട്ട് വെക്കുന്നത് ചോദ്യം ചെയ്യാൻ ആള് ഉണ്ടാകുക എന്നതാണ്, അത് നല്ലൊരു കാര്യമാണ്. ഞാൻ അതിൽ ഒഫീഷ്യലി മെംബർ അല്ലാ എന്നുമാത്രമേയുളളൂ, അവർ മുന്നോട്ട് വെക്കുന്ന പല കാര്യങ്ങളും ഈ പറഞ്ഞത് പോലെ എന്തെങ്കിലും ആവശ്യത്തിന് വേണ്ടിയിട്ടാണല്ലോ, അതെല്ലാം വെളിച്ചം കാണണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.



Similar Posts