< Back
Latest News
ബാബാ രാംദേവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ഐ.എം.എ
Latest News

ബാബാ രാംദേവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ഐ.എം.എ

Web Desk
|
26 May 2021 5:48 PM IST

കോവിഡ് വാക്‌സിനെതിരെ ബാബാ രാംദേവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്‌

വാക്‌സിനേഷനെതിരെ അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ നടത്തുന്ന യോഗാ ഗുരു ബാബാ രാംദേവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കത്ത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തുന്ന രാംദേവിനെ നിയന്ത്രിക്കണമെന്നും ഐ.എം.എ കത്തില്‍ ആവശ്യപ്പെട്ടു.

രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടും പതിനായിരം ഡോക്ടര്‍മാര്‍ മരിച്ചെന്നും അലോപ്പൊതി മരുന്ന് കഴിച്ച ലക്ഷങ്ങള്‍ മരിച്ചെന്നും പറയുന്ന ഒരു വീഡിയോ വേദനയോടെ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്. ഇത് പ്രചരിപ്പിച്ചത് ബാബാ രാംദേവാണ്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.

കോവിഡിനെ മറികടക്കാനുള്ള ഏകമാര്‍ഗ്ഗമായ വാക്‌സിന്‍ നടപ്പാക്കുന്നതിനായി അങ്ങയോടൊപ്പം ഉറച്ചുനിന്നവരാണ് അലോപ്പൊതി ഡോക്ടര്‍മാര്‍. കേന്ദ്ര ആരോഗ്യവകുപ്പും നാഷണല്‍ ടാസ്‌ക് ഫോഴ്‌സും നല്‍കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ജനങ്ങളെ ചികിത്സിക്കുന്നത്. അതിനിടെ ഒരാള്‍ അലോപൊതി മരുന്നുകള്‍ ആളുകളെ കൊല്ലുന്നുവെന്ന് പ്രചരിപ്പിക്കുന്നത് കോവിഡ് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയ ആരോഗ്യമന്ത്രാലയത്തെ തന്നെ വെല്ലുവിളിക്കുന്നതാണ്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം-കത്തില്‍ പറയുന്നു.

Similar Posts