< Back
Latest News
അഞ്ച് വര്‍ഷത്തിനിടെ നാലാമത്തെ സത്യപ്രതിജ്ഞ; അപൂര്‍വ്വനേട്ടവുമായി കുഞ്ഞാലിക്കുട്ടി
Latest News

അഞ്ച് വര്‍ഷത്തിനിടെ നാലാമത്തെ സത്യപ്രതിജ്ഞ; അപൂര്‍വ്വനേട്ടവുമായി കുഞ്ഞാലിക്കുട്ടി

Web Desk
|
24 May 2021 8:56 PM IST

രണ്ട് തവണ ലോക്‌സഭാംഗമായും രണ്ട് തവണ നിയമസഭാഗമായും സത്യപ്രതിജ്ഞ ചെയ്തു.

വേങ്ങര എം.എല്‍.എയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തതോടെ പി.കെ കുഞ്ഞാലിക്കുട്ടി സ്വന്തമാക്കിയത് അപൂര്‍വ്വനേട്ടം. അഞ്ച് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് കുഞ്ഞാലിക്കുട്ടി നിയമനിര്‍മ്മാണസഭയില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 2016ല്‍ വേങ്ങരയില്‍ നിന്ന് നിയമസഭാംഗമായി, 2017ല്‍ ഇ. അഹമ്മദ് മരണപ്പെട്ടതിനെ തുടര്‍ന്ന് എം.എല്‍.എ സ്ഥാനം രാജിവെച്ച് മലപ്പുറം മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചു ജയിച്ചു. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും മലപ്പുറത്ത് നിന്ന് പാര്‍ലമെന്റിലെത്തി. ഇപ്പോള്‍ വീണ്ടും പാര്‍ലമെന്റ് അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചു.

2016 മെയ് 16ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. പി.പി ബഷീറിനെ 38,057 വോട്ടിന് പരാജയപ്പെടുത്തിയാണ് പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് പോയത്. ജൂണ്‍ 2ന സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. പാര്‍ലമെന്റ് അംഗമായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2017ല്‍ മലപ്പുറം മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചു. ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന എം.ബി ഫൈസലിനെ 1,71,023 വോട്ടിന് പരാജയപ്പെടുത്തിയാണ് അന്ന് പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.

2019 പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും മലപ്പുറത്ത് നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചു. ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന വി.പി സാനുവിനെ 2,60,153 വോട്ടിന് പരാജയപ്പെടുത്തി വീണ്ടും പാര്‍ലമെന്റ് അംഗമായി. 2021 നിയമസഭാ തെരഞ്ഞെടുപ്പ് വന്നതോടെ എം.പി സ്ഥാനം രാജിവെച്ച് വീണ്ടും വേങ്ങരയില്‍ സ്ഥാനാര്‍ത്ഥിയായി. ഇടത് സ്ഥാനാര്‍ത്ഥിയായ പി.ജിജിയെ മുപ്പതിനായിരിത്തിലധികം വോട്ടിന് പരാജയപ്പെടുത്തിയാണ് ഇപ്പോള്‍ വീണ്ടും നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്.

Similar Posts