< Back
Women
വര്‍ണവിവേചനത്തിനെതിരെയാണ് ഈ ചിത്രങ്ങള്‍ സംസാരിക്കുന്നത്
Women

വര്‍ണവിവേചനത്തിനെതിരെയാണ് ഈ ചിത്രങ്ങള്‍ സംസാരിക്കുന്നത്

Web Desk
|
26 Sept 2018 12:35 PM IST

ഇരുണ്ട നിറമുള്ളവര്‍ക്ക് സമൂഹത്തില്‍ നേരിടേണ്ടി വരുന്ന അവഗണനയ്‌ക്കെതിരെയാണ് ഈ ചിത്രങ്ങള്‍ സംസാരിക്കുന്നത്. 

നിറത്തിന്റെ പേരിലുള്ള വിവേചനം തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല..കാലങ്ങളായി അതു നമ്മുടെ കൂടിയുണ്ട്. വെളുപ്പ് സൌന്ദര്യത്തിന്റെയും കറുപ്പ് വൈരൂപ്യത്തിന്റെയും നിറങ്ങളായി സമൂഹത്തിലിങ്ങനെ പടര്‍ന്നുകൊണ്ടിരിക്കുന്നു. കറുത്തവരെ വെളുപ്പിച്ചുകൊണ്ടുള്ള സൌന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ ആ ചിന്താഗതിയുടെ ആഴം കൂട്ടുകയും ചെയ്തു. ഇതിനിടയില്‍ വെളുപ്പല്ല, കറുപ്പിലും സൌന്ദര്യമുണ്ടെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടുള്ള ശബ്ദങ്ങള്‍ ഉണ്ടായി. പല മോഡലുകളും സിനിമാതാരങ്ങളുമെല്ലാം തങ്ങളുടെ കറുത്ത നിറത്തെ പ്രകീര്‍ത്തിച്ചു. സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ ചിത്രവും പറയുന്നത് വര്‍ണവിവേചനത്തിനെതിരെയാണ്. വ്യത്യസ്തമായൊരു സന്ദേശം ലോകത്തിനു നല്‍കുകയാണ് ഈ രണ്ട് ചിത്രങ്ങള്‍.

ബംഗ്ലാദേശ് ആര്‍ട്ടിസ്റ്റായ വസേക്ക നഹാറും കാനഡയില്‍ താമസിക്കുന്ന പാകിസ്താനി ആര്‍ട്ടിസ്റ്റായ സൈനബ് അന്‍വറുമാണ് ഈ വ്യത്യസ്തമായി പ്രതിഷേധത്തിന് പിന്നില്‍ സൈനബ് അനവര്‍ എന്ന പെണ്‍കുട്ടിയുടെ ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് വസേക്ക ഡിജിറ്റല്‍ ഇല്യൂസ്‌ട്രേഷന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. നിറത്തിന്റെ പേരിലുള്ള വിവേചനം ഇപ്പോഴും സമൂഹത്തിലുണ്ട്. സൌന്ദര്യവര്‍ദ്ധക ക്രീമുകള്‍ ആ എരിയുന്ന തീയിലേക്ക് എണ്ണ ഒഴിക്കുകയും ചെയ്യുന്നു ..ഇരുപത്തിയഞ്ചുകാരിയായ വസേക്ക പറയുന്നു.

View this post on Instagram

#darkandlovely

A post shared by Zainab Anwar (@zainabxanwar) on

നിറത്തിന്റെ പേരില്‍ സൈനബിന് അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. നിറമുണ്ടാകാന്‍ വീട്ടുകാര്‍ തന്നെ ഫെയര്‍നെസ് ക്രീമുകള്‍ ശുപാര്‍ശ ചെയ്തു. ഈ അവസരത്തിലാണ് ഇന്നും നിലനില്‍ക്കുന്ന വര്‍ണ്ണ വിവേചനത്തിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന് സൈനബിന് തോന്നിയത്. ഫെയര്‍നെസ് ക്രീമിനു വിപരീതമായ ഒരു ക്രീമിനെക്കുറിച്ച് ആലോചിച്ചു തുടര്‍ന്ന് ഇത്തരത്തില്‍ ഒരു ട്യൂബുമായി സൈനബ് ഒരു ഫോട്ടോ എടുത്തു. ക്യാമറയില്‍ സെല്‍ഫ് ടൈമര്‍ സെറ്റ് ചെയ്ത് സൈനബ് തന്നെയാണ് ഫോട്ടോ എടുത്തത്. സൈനബിന്റെ ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട വസേക്ക ഈ ഫോട്ടോയ്ക്ക് സമാനമായ രീതിയില്‍ ഒരു ഡിജിറ്റല്‍ ഇല്യൂസ്‌ട്രേഷന്‍ തയാറാക്കുകയായിരുന്നു.

രണ്ട് യുവതികളുടെ പരിശ്രമത്തിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരമാണ് ലഭിച്ചത്. ഫേസ്ബുക്കില്‍ തന്നെ മൂവായിരത്തിലധികം ഷെയറുകള്‍ ലഭിച്ചു. തങ്ങളുടെ ഉദ്യമം തുറന്ന ചര്‍ച്ചകള്‍ക്ക് വഴിവച്ചതില്‍ സന്തോഷമുണ്ടെന്ന് വസേക്കയും സൈനബയും പറയുന്നു. പുതിയ തലമുറ തങ്ങളെ തീര്‍ച്ചയായും പിന്തുണയ്ക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ഇവര്‍ പറയുന്നു.

Related Tags :
Similar Posts