< Back
World
സൈബർ തട്ടിപ്പ്: കംബോഡിയയിൽ 105 ഇന്ത്യക്കാരും 606 സ്ത്രീകളും ഉൾപ്പടെ 3000ത്തിലധികം ആളുകൾ അറസ്റ്റിൽ
World

സൈബർ തട്ടിപ്പ്: കംബോഡിയയിൽ 105 ഇന്ത്യക്കാരും 606 സ്ത്രീകളും ഉൾപ്പടെ 3000ത്തിലധികം ആളുകൾ അറസ്റ്റിൽ

Web Desk
|
24 July 2025 5:12 PM IST

15 ദിവസത്തിനിടെ 138 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളിലായാണ് തട്ടിപ്പുകാർ അറസ്റ്റിലായത്

ന്യൂഡൽഹി: സൈബർ കുറ്റവാളികൾക്കും ഓൺലൈൻ തട്ടിപ്പുകാർക്കുമെതിരായ നടപടിയുടെ ഭാഗമായി കംബോഡിയയിൽ 3000ത്തിലധികം ആളുകൾ അറസ്റ്റിൽ. 15 ദിവസത്തിനിടെ 138 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളിലായാണ് തട്ടിപ്പുകാർ അറസ്റ്റിലായത്. അറസ്റ്റിലായവരിൽ 105 ഇന്ത്യക്കാരും 606 സ്ത്രീകളും ഉൾപ്പെടുന്നു.

കഴിഞ്ഞ മാസം ഇന്ത്യയും കംബോഡിയയും തമ്മിൽ നടന്ന ഉന്നതതല യോഗത്തെ തുടർന്നാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികൾ കംബോഡിയയിൽ സൈബർ കുറ്റകൃത്യങ്ങൾ നടത്തുന്നുണ്ടെന്നും, ഇത് കംബോഡിയയെ ഒരു സൈബർ തട്ടിപ്പ് കേന്ദ്രമാക്കി മാറ്റുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യക്കാർക്ക് പുറമേ, ചൈനീസ്, വിയറ്റ്നാമീസ്, ഇന്തോനേഷ്യൻ പൗരന്മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 1,028 ചൈനീസ് പൗരന്മാർ, 693 വിയറ്റ്നാമീസ്, 366 ഇന്തോനേഷ്യക്കാർ, 105 ഇന്ത്യക്കാർ, 101 ബംഗ്ലാദേശികൾ, 82 തായ്‌ലൻഡ്, 57 കൊറിയക്കാർ, 81 പാകിസ്ഥാനികൾ, 13 നേപ്പാളികൾ, നാല് മലേഷ്യക്കാർ തുടങ്ങി 3075 പോരാണ് അറസ്റ്റിലായത്. ഇവർക്ക് പുറമെ ഫിലിപ്പീൻസ്, ലാവോസ്, കാമറൂൺ, നൈജീരിയ, ഉഗാണ്ട, സിയറ ലിയോൺ, മംഗോളിയ, റഷ്യ, മ്യാൻമർ എന്നിവിടങ്ങളിലെ പൗരന്മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ, മയക്കുമരുന്നുകൾ, ഇന്ത്യൻ-ചൈനീസ് പൊലീസിന്റെ വ്യാജ യൂണിഫോമുകൾ, മയക്കുമരുന്ന് സംസ്കരണ ഉപകരണങ്ങൾ, ആയുധങ്ങളും വെടിക്കോപ്പുകളും, എക്സ്റ്റസി പൗഡർ, മറ്റ് മയക്കുമരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ള സാധനങ്ങൾ റെയ്ഡുകളിൽ കണ്ടെടുത്തു.

ഇന്ത്യൻ പൗരന്മാരെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. സൈബർ തട്ടിപ്പിൽ ഏർപ്പെടുകയും കംബോഡിയ പോലുള്ള രാജ്യങ്ങളിലേക്ക് തിരിയുകയും ചെയ്യുന്ന ഏതൊരു ഇന്ത്യക്കാരനുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Similar Posts