< Back
World
മേയ് മുതൽ സഹായം തേടുന്നതിനിടെ ഗസ്സയിൽ കൊല്ലപ്പെട്ടത് 1,373 ഫലസ്തീനികൾ: ഐക്യരാഷ്ട്രസഭ
World

മേയ് മുതൽ സഹായം തേടുന്നതിനിടെ ഗസ്സയിൽ കൊല്ലപ്പെട്ടത് 1,373 ഫലസ്തീനികൾ: ഐക്യരാഷ്ട്രസഭ

Web Desk
|
2 Aug 2025 10:56 AM IST

2023 ഒക്ടോബറിൽ വംശഹത്യ യുദ്ധം ആരംഭിച്ചതിനുശേഷം 90 കുട്ടികൾ ഉൾപ്പെടെ 150-ലധികം പേർ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരിച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു

ഗസ്സ: യുഎസിന്റെയും ഇസ്രായേലിന്റെയും പിന്തുണയുള്ള ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചതിനുശേഷം മേയ് മുതൽ ഗസ്സയിൽ സഹായം തേടുന്നതിനിടെ 1,373 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി യുഎൻ മനുഷ്യാവകാശ ഓഫീസ്. ഇതിൽ 859 പേർ ജിഎച്ച്എഫ് നടത്തുന്ന സഹായ കേന്ദ്രങ്ങൾക്ക് സമീപവും 514 പേർ ഭക്ഷണ വാഹനവ്യൂഹങ്ങൾ കാത്തുനിൽക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് കൂട്ടിച്ചേർത്തു. ഈ കൊലപാതകങ്ങളിൽ ഭൂരിഭാഗവും ഇസ്രായേൽ സൈന്യമാണ് നടത്തിയതെന്നും പ്രസ്താവനയിൽ പറയുന്നു.

ജൂലൈ 30നും 31നും ഇടയിൽ 105 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. വടക്കൻ ഗസ്സയിലെ സിക്കിം പ്രദേശത്തും, തെക്കൻ ഖാൻ യൂനിസിലെ മൊറാജ് പ്രദേശത്തും, സെൻട്രൽ ഗസ്സയിലെയും റാഫയിലെയും ജിഎച്ച്എഫ് സൈറ്റുകളുടെ പരിസരത്തും കോൺവോയ് റൂട്ടുകളിലായി കുറഞ്ഞത് 680 പേർക്ക് ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റു. കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത ഓരോ വ്യക്തിയും 'തങ്ങൾക്കു വേണ്ടി മാത്രമല്ല, അവരുടെ കുടുംബങ്ങൾക്കും ആശ്രിതർക്കും വേണ്ടിയും അതിജീവനത്തിനായി തീവ്രമായി പോരാടുകയായിരുന്നു' യുഎൻ ഓഫീസ് കൂട്ടിച്ചേർത്തു.

2023 ഒക്ടോബറിൽ വംശഹത്യ യുദ്ധം ആരംഭിച്ചതിനുശേഷം 90 കുട്ടികൾ ഉൾപ്പെടെ 150-ലധികം പേർ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരിച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ആംനസ്റ്റി ഇന്റർനാഷണൽ, ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (എംഎസ്എഫ്), ഓക്‌സ്ഫാം എന്നിവയുൾപ്പെടെ നൂറിലധികം മാനുഷിക സംഘടനകൾ കഴിഞ്ഞ ആഴ്ച ഗസ്സയിലുടനീളം വൻതോതിലുള്ള പട്ടിണി പടരുകയാണെന്നും ഇസ്രായേൽ നാല് മാസത്തിലേറെയായി സഹായധനം തടയുന്നത് തുടരുന്നതിനാൽ എൻക്ലേവിലെ അവരുടെ സഹപ്രവർത്തകർ പട്ടിണി കിടന്ന് തളരുകയാണെന്നും മുന്നറിയിപ്പ് നൽകി.

ഗസ്സയിൽ പോഷകാഹാരക്കുറവ് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശം ഗസ്സ നഗരമാണെന്നും അവിടെ അഞ്ച് വയസിന് താഴെയുള്ള അഞ്ച് കുട്ടികളിൽ ഒരാൾക്ക് ഇപ്പോൾ പോഷകാഹാരക്കുറവ് ഉണ്ടെന്നും ലോകാരോഗ്യ സംഘടന (WHO) പറഞ്ഞു. ഗസ്സയിലെ ആയിരക്കണക്കിന് ഫലസ്തീനികൾ വിനാശകരമായ ഭക്ഷ്യ പ്രതിസന്ധിയുടെ വക്കിലാണെന്നും ആ പ്രദേശത്തെ മൂന്നിൽ ഒരാൾ ഭക്ഷണമില്ലാതെ ദിവസങ്ങൾ കഴിയേണ്ടിവരുന്നുണ്ടെന്നും ലോക ഭക്ഷ്യ പരിപാടിയും (WFP) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Similar Posts