< Back
World
നേപ്പാള്‍ വിമാനാപകടം: 14 പേരുടെ മൃതദേഹം കണ്ടെത്തി
World

നേപ്പാള്‍ വിമാനാപകടം: 14 പേരുടെ മൃതദേഹം കണ്ടെത്തി

Web Desk
|
30 May 2022 1:28 PM IST

തകര്‍ന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

കാഠ്മണ്ഡു: നേപ്പാളില്‍ തകര്‍ന്നുവീണ വിമാനത്തിലെ യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 14 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തകര്‍ന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ സൈന്യം പുറത്തുവിട്ടു.

14000 അടി മുകളിലാണ് വിമാനം തകർന്നുവീണത്. കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോകും. തെരച്ചിലിനായി 15 സൈനികരെ നിയോഗിച്ചു. നാല് ഇന്ത്യക്കാർ ഉൾപ്പെടെ 22 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മുംബൈയിൽ നിന്നുള്ള ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേരാണ് ഇന്ത്യക്കാരായ യാത്രക്കാർ. അശോക് കുമാർ ത്രിപാഠി, ഭാര്യ വൈഭവി ബന്ദേക്കർ, മക്കളായ ധനുഷ്, റിതിക എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാര്‍. മുക്തിനാഥ് ക്ഷേത്രത്തിൽ പോയി മടങ്ങിയവരെന്നാണ് റിപ്പോർട്ട്. ഇന്ത്യക്കാരെ കൂടാതെ 13 നേപ്പാളികളും 3 ജപ്പാന്‍കാരും 2 ജര്‍മന്‍കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്

കാണാതായ വിമാനം മുസ്താങ് ജില്ലയിലെ കോവാങ്ങില്‍ കണ്ടെത്തിയതായി ഇന്നലെ പ്രദേശവാസികളാണ് സൈന്യത്തിന് വിവരം നല്‍കിയത്. കനത്ത മഞ്ഞുവീഴ്ച കാരണം സ്ഥലത്തേക്ക് ഇന്നലെ സൈന്യത്തിന് എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് പ്രത്യേക സംഘം സ്ഥലത്തെത്തിയത്. തെരച്ചിൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ വ്യക്തമാക്കുമെന്നും നേപ്പാൾ സൈനിക വക്താവ് ട്വീറ്റ് ചെയ്തു. ഇന്നലെ രാവിലെ 9.55ന് പറന്നുയർന്ന താരാ എയർവെയ്സിന്റെ 9എന്‍-എഇടി വിമാനമാണ് തകർന്നുവീണത്.


Related Tags :
Similar Posts