< Back
World
154 തടവുകാരെ ഈജിപ്തിലേക്ക്​ നാടുകടത്താന്‍ ഇസ്രായേൽ; അന്യായമെന്ന് ഫലസ്തീൻ പോരാളി സംഘടനകൾ

 ഇസ്രായേൽ ജയിലുകളിൽ നിന്ന് മോചിതരായ തടവുകാരെ വഹിച്ചുകൊണ്ടുള്ള ബസുകൾ  ഖാൻ യൂനിസിലെത്തിയപ്പോള്‍ Photo|Omar AL-QATTAA/AFP 

World

154 തടവുകാരെ ഈജിപ്തിലേക്ക്​ നാടുകടത്താന്‍ ഇസ്രായേൽ; അന്യായമെന്ന് ഫലസ്തീൻ പോരാളി സംഘടനകൾ

Web Desk
|
14 Oct 2025 6:21 AM IST

വെടിനിർത്തലിന്‍റെ ഭാഗമായി ഇന്നലെ ഉച്ചയോടെയാണ്​ ഇരുപത്​ ബന്ദികളെ ഹമാസ്​ ഇസ്രായേലിന് ​കൈമാറിയത്

കെയ്റോ:ഗസ്സയിൽ വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ച്​ ലോകരാജ്യങ്ങൾ. ഈജിപ്തിലെ ശറമു ശൈഖിൽ ചേർന്ന സമാധാന ഉച്ചകോടിയിൽ യു.എസ്​പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപ്​ ഉൾപ്പെടെ ഇരുതോളം രാജ്യങ്ങളുടെ നേതാക്കളും പ്രതിനിധികളുമാണ്​ കരാറിൽ ഒപ്പുവെച്ചത്​. പശ്ചിമേഷ്യയില്‍ പുതിയ പുലരിയുടെ തുടക്കം കുറിക്കുന്നതാണ്​ കരാറെന്ന്​ ട്രംപ്​ അവകാശപ്പെട്ടു. യുദ്ധാനന്തര ഗസ്സയുടെ ഭാവി, ആഗോള സമാധാനസേന, സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിലനിൽക്കുന്ന അവ്യക്​തത കരാറിന്‍റെ പ്രധാന ദൗർബല്യമാണ്​.

ഗസ്സയിൽ ശാശ്വത സമാധാനമാണ്​ പുലർന്നിരിക്കുന്നതെന്നും പുനർ നിർമാണം ഉൾപ്പടെയുളള വിഷയങ്ങളിൽ ലോക രാജ്യങ്ങൾ ഒറ്റക്കെട്ടാണെന്നും ട്രംപ്​ പറഞ്ഞു.വെടിനിർത്തലിന്​ മുന്നിട്ടിറങ്ങിയ ട്രംപിനെ വിവിധ രാജ്യങ്ങൾ പ്രശംസിച്ചു.വെടിനിർത്തലിന്‍റെ ഭാഗമായി ഇന്നലെ ഉച്ചയോടെയാണ്​ ഇരുപത്​ ബന്ദികളെ ഹമാസ്​ ഇസ്രായേലിന് ​കൈമാറിയത്​. തുടർന്ന്​ നാല്​ ബന്ദികളുടെ മൃതദേഹങ്ങളും കൈമാറി. അവശേഷിച്ച ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറാത്ത ഹമാസ്​ നടപടി കരാർ ലംഘനമാണെന്ന്​ ഇസ്രായേൽ കുറ്റപ്പെടുത്തിയിരുന്നു.

എന്നാൽ മൃതദേഹങ്ങൾ ഒരു ദിവസം കൊണ്ട്​കൈമാറണമെന്ന്​ കരാറിൽ പറയുന്നില്ലെന്ന്​ മധ്യസ്ഥ രാജ്യങ്ങൾ അറിയിച്ചു. കരാർ പ്രകാരം ഇസ്രായേൽ വിട്ടയച്ച നൂറുകണക്കിന്​ ഫലസ്തീൻകാർക്ക്​ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗസ്സയിലെ ഖാൻ യൂനുസിൽ വീരോചിത സ്വീകരണമാണ്​ ലഭിച്ചത്​. ഇസ്രായേൽ തടവറകളിൽ നേരിട്ട കൊടിയ പീഡനങ്ങൾ മൂലം തളർന്ന അവസ്ഥയിലാണ്​ വിട്ടയച്ച ഫലസ്തീൻ തടവുകാരിൽ ഏറെയും. ഇതിനു പുറമെ കരാറിന്റെ ഭാഗമായി മോചിപ്പിക്കുന്ന 154 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ ഈജിപ്ത്​ ഉൾപ്പെടെ മൂന്നാംലോക രാജ്യങ്ങളിലേക്ക് നിർബന്ധിതമായി നാടുകടത്തുമെന്ന വാർത്തയും ഉറ്റവരെ ഞെട്ടിച്ചു. ഇത് അന്യായമാണെന്ന്​ ഫലസ്തീൻ പോരാളി സംഘടനകൾ ചൂണ്ടിക്കാട്ടി.

എല്ലാ വിലക്കുകളും മറികടന്ന്​ ഗസ്സയലേക്ക്​ സഹായം ഉറപ്പു വരുത്തണമെന്ന്​ യു.എൻ ഇസ്രായേലിനോട്​ ആവശ്യപ്പെട്ടു. ഇന്നുമുതൽ ദിനംപ്രതി 400 ട്രക്കുകൾ ഗസ്സയിലേക്ക്​ കടത്തി വിടാനാണ്​ ഇസ്രായേൽ നിർദേശം. അതിനിടെ, ഇസ്രായേൽ പിന്തുണയോടെ ഗസ്സയിൽ സജീവമായ പ്രാദേശിക കൊള്ളസംഘങ്ങൾ ഉയർത്തുന്ന ഭീഷണി ചെറുക്കാൻ ശക്​തമായ നടപടി സ്വീകരിച്ചു വരുന്നതായി ഹമാസ്​ മുന്നറിയിപ്പ്​ നൽകി. ഹമാസിനെതിരെ പോരാടാൻ ഈ സംഘങ്ങളെ പ്രാപ്തരാക്കുകയാണ് ഇസ്രായേൽ .

Similar Posts