< Back
World
പാകിസ്താനിൽ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു
World

പാകിസ്താനിൽ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു

Web Desk
|
5 March 2025 6:39 AM IST

ആറു ഭീകരരെ സൈന്യം വധിച്ചതായി പൊലീസ്

ലാഹോര്‍: വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ സൈനിക കേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരമാണ് ആക്രമണം നടന്നത്. ബന്നുവിലുള്ള സൈനിക താവളത്തിന് നേരെ സ്ഫോടക വസ്തുക്കള്‍ നിറച്ച രണ്ടു കാറുകള്‍ ഭീകരവാദികള്‍ ഓടിച്ചു കയറ്റുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

പെഷവാറിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ബന്നു കന്റോൺമെന്റിന്റെ മതിലിലാണ് ഭീകരര്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച കാറുകള്‍ ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ആറു ഭീകരര്‍ സൈനിക താവളത്തിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഇവരെ സൈന്യം വധിച്ചതായും പൊലീസ് വ്യക്തമാക്കി.

മരിച്ചവരില്‍ അഞ്ചുപേര്‍ സൈനികകേന്ദ്രത്തിന് സമീപത്തെ കെട്ടിടങ്ങളിലുള്ളവരാണ്. നാല് മൃതദേഹങ്ങൾ ബന്നു കന്റോൺമെന്റിന്റെ അതിർത്തി മതിലിനോട് ചേർന്നുള്ള പള്ളിയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ കണ്ടെടുത്തതായും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ കെട്ടിടവും പള്ളിയും തകര്‍ന്നിട്ടുണ്ട്. ഇനിയും ആളുകള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ 16 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ ഏഴുപേര്‍കുട്ടികളാണ്.


Similar Posts