< Back
World
സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു:  ഗസ്സയിൽ രണ്ട് ഇസ്രായേല്‍ സൈനികർ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്‌കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികര്‍
World

സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു: ഗസ്സയിൽ രണ്ട് ഇസ്രായേല്‍ സൈനികർ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്‌

Web Desk
|
17 Jun 2025 11:04 AM IST

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് സൈനികരാണ് ഗസ്സയില്‍ കൊല്ലപ്പെടുന്നത്.

ഗസ്സസിറ്റി: ഗസ്സയില്‍ കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. പത്ത് സൈനികര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസില്‍ തിങ്കളാഴ്ചയാണ് സംഭവം.

കോംബാറ്റ് എഞ്ചിനീയറിംഗ് ബറ്റാലിയനിലെ ഡെപ്യൂട്ടി കമ്പനി കമാൻഡറായ 28 കാരന്‍ ടാൽ മോവ്ഷോവിറ്റ്സ്, ഗോലാനി ബ്രിഗേഡിന്റെ 12-ാം ബറ്റാലിയനിലെ സ്റ്റാഫ് സാർജന്റ് നവേ ലെഷെം (20) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരേയും കൊല്ലപ്പെട്ടവരെയും സ്ഥലത്ത് നിന്നും മാറ്റി. ഹമാസ് പോരാളികള്‍ സ്ഥാപിച്ചതാണോ അതോ ഇസ്രായേല്‍ സൈന്യം സ്ഥാപിച്ചത് പൊട്ടിയാണോ സ്ഫോടനം ഉണ്ടായത് എന്ന് വ്യക്തമല്ല.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് സൈനികരാണ് ഗസ്സയില്‍ കൊല്ലപ്പെടുന്നത്. കെഫിർ ബ്രിഗേഡിന്റെ ഷിംഷോൺ ബറ്റാലിയനിലെ അംഗവും 21കാരനുമായ നോം ഷെമേഷമാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ ഹമാസിന്റെ തിരിച്ചടിയിലാണ് ഷെമേഷ് കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് വ്യക്തമാക്കിയിരുന്നു. മറ്റൊരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇറാനെതിരെ പുതിയ പോര്‍മുഖം തുറന്നതിന് പിന്നാലെ ഐഡിഎഫ് ചില സേനകളെ ഗസ്സയില്‍ നിന്ന് പിൻവലിച്ച് ഈജിപ്ത്, ജോർദാൻ അതിർത്തികളിൽ വിന്യസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചടി. പതിനായിരത്തിലധികം സേന ഇപ്പോഴും ഗസ്സയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയും ഗസ്സയില്‍ വെടിവെപ്പ് തുടരുകയാണ് ഇസ്രായേല്‍ സേന. ഭക്ഷണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ വെടിവയ്പ്പിൽ 34 പേരാണ് കൊല്ലപ്പെട്ടത്.

അതേസമയം 20 മാസത്തിലേറെയായി നടക്കുന്ന ഇസ്രായേലി ആക്രമണങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾ ഉൾപ്പെടെ 55,362 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഗസ്സയിലെ ആരോഗ്യ വകുപ്പ് മന്ത്രാലയം വ്യക്തമാക്കുന്നത്.

Related Tags :
Similar Posts