< Back
World
23 Year Indian Student Dies In US
World

രണ്ട് ദിവസമായി ചുമയും നെ‍ഞ്ചുവേദനയും; അമേരിക്കയിൽ 23കാരിയായ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ

Web Desk
|
10 Nov 2025 3:42 PM IST

മരണകാരണം കണ്ടെത്താൻ മൃതദേഹം വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ന്യൂയോർക്ക്: യുഎസിൽ 23കാരിയായ ഇന്ത്യൻ വിദ്യാർഥിനിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലെ കർമേചേഡു സ്വദേശിനിയായ രാജ്യലക്ഷ്മി യർല​ഗഡയെയാണ് കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ടെക്സാസ് എ ആൻഡ് എം യൂണിവേഴ്സിറ്റി- കോർപ്പസ് ക്രിസ്റ്റിയിൽ നിന്ന് അടുത്തിടെ ബിരുദം നേടിയ രാജ്യലക്ഷ്മി, ജോലി തേടുന്നതിന്റെ ഭാ​ഗമായി യുഎസിൽ തുടരുകയായിരുന്നു.

നവംബർ ഏഴിനാണ് വിദ്യാർഥിനി മരിച്ചത്. രണ്ട് ദിവസമായി രാജ്യലക്ഷ്മിക്ക് ചുമയും നെഞ്ചുവേദനയും ഉണ്ടായിരുന്നതായി ബന്ധുവായ ചൈതന്യ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ അലാം കേട്ടെങ്കിലും അവൾ ഉണർന്നില്ല. മുറിയിൽ പോയി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിനിടെയാണ് രാജ്യലക്ഷ്മി മരിച്ചതെന്നാണ് നി​ഗമനം.

23കാരിയായ വിദ്യാർഥിനിയുടെ മരണത്തിൽ ഹൃദയം തകർന്നിരിക്കുകയാണ് കുടുംബവും കൂട്ടുകാരും. മരണകാരണം കൃത്യമായി കണ്ടെത്താൻ മൃതദേഹം വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം, ആന്ധ്രാപ്രദേശിലെ രാജ്യലക്ഷ്മിയുടെ കുടുംബത്തെ സഹായിക്കാനായി ടെക്സസിലെ ഡെന്റണിൽ ഗോ ഫണ്ട്‌മീയിലൂടെ ചൈതന്യ ധനസമാഹരണ യജ്ഞം ആരംഭിച്ചിട്ടുണ്ട്. കർഷകരായ മാതാപിതാക്കളുടെ ഇളയ മകളാ‌ണ് രാജിയെന്നും തനിക്കും കുടുംബത്തിനും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാനാണ് അവൾ അമേരിക്കയിലേക്ക് പഠിക്കാൻ പോയതെന്നും ചൈതന്യ കൂട്ടിച്ചേർത്തു.

Similar Posts