< Back
World
rafah crossing
World

ഇസ്രായേലിന്റെ റഫ ​അധിനിവേശം: 2500 ഫലസ്തീനികളുടെ ഹജ്ജ് യാത്ര മുടങ്ങി

Web Desk
|
15 Jun 2024 9:29 PM IST

മതസ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് അധികൃതർ

ഗസ്സ സിറ്റി: ഗസ്സയിലെ യുദ്ധവും ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റഫയിലെ ഇസ്രായേലിന്റെ അധിനിവേശവും കാരണം 2500 ഫലസ്തീനികൾക്ക് ഹജ്ജിന് പോകാൻ സാധിച്ചില്ലെന്ന് ഗസ്സയിലെ എൻഡോവ്മെന്റ് മന്ത്രാലയം അറിയിച്ചു. ഇത് മതസ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് മന്ത്രാലയം വക്താവ് ഇക്രാമി അൽ മുദല്ലാൽ പറഞ്ഞു.

യുദ്ധം കാരണം ഹജ്ജുമായി ബന്ധ​പ്പെട്ട നടപടിക്രമങ്ങൾ നടത്താൻ സാധിച്ചില്ല. ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി ഗതാഗത കരാറുകൾ ഒപ്പിടൽ, മക്കയിലും മദീനയിലും താമസസൗകര്യങ്ങൾ ബുക്ക് ചെയ്യൽ എന്നിവയും അവതാളത്തിലായി.

റഫ അതിർത്തി അടച്ചതിനാലും യുദ്ധം തുടരുന്നതിനാലും 2500 തീർഥാടകർക്ക് ഹജ്ജിന് പോകാൻ സാധിച്ചില്ല. ഫലസ്തീനിൽനിന്ന് മൊത്തം 6600 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചിരുന്നത്. ഇത്തവണ പോകാൻ സാധ്യമാകാത്തവർക്ക് അടുത്ത തവണ മുൻഗണന നൽകുമെന്നും അൽ മുദല്ലാൽ പറഞ്ഞു.

ഫലസ്തീനിൽനിന്ന് ആയിരത്തോളം പേർ ഇത്തവണ സൗദി രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തിയിട്ടുണ്ട്. യുദ്ധത്തിൽ രക്തസാക്ഷികളായവരുടെയും പരിക്കേറ്റവരുടെയും തടവിലാക്കപ്പെട്ടവരുടെയും കുടുംബാംഗങ്ങളാണ് ഇതിലുള്ളത്.

Related Tags :
Similar Posts