< Back
World
2,985 Palestinians have been killed and 8,173 wounded since Israel broke the Gaza ceasefire
World

വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 2,985 പേർ

Web Desk
|
16 May 2025 9:08 PM IST

കഴിഞ്ഞ 36 മണിക്കൂറിനിടെ 250 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്.

ഗസ്സ: വെടിനിർത്തൽ കരാർ ലംഘിച്ച് മാർച്ച് മുതൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ഗസ്സയിൽ 2,985 പേർ കൊല്ലപ്പെട്ടെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം. 8,173 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ 36 മണിക്കൂറിനിടെ 250 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്.

ബൈത്ത് ലാഹിയ, ജബാലിയ അഭയാർഥി ക്യാമ്പുകളിൽ വീടുകൾ ഇസ്രായേൽ ബോംബിട്ട് തകർത്തു. ഇവിടെ താമസിക്കുന്നവരെ ഒഴിപ്പിക്കാൻ ലക്ഷ്യമിട്ട് തുടർച്ചയായ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. സൽഫിത് ഗവർണറേറ്റിലും വടക്കുപടിഞ്ഞാറൻ നബ്‌ലുസിലും ഇസ്രായേലി കുടിയേറ്റക്കാരും സൈനികരും ഫലസ്തീനികൾക്കെതിരെ വലിയ ആക്രമണമാണ് നടത്തുന്നതെന്ന് ഹമാസ് ആരോപിച്ചു.

അതേസമയം ഇസ്രായേൽ അനുവദിക്കുകയാണെങ്കിൽ ഗസ്സയിലെ ജനങ്ങൾക്ക് കുറഞ്ഞത് നാല് മാസത്തേക്കെങ്കിലും ഭക്ഷണം എത്തിക്കുന്നതിന് ആവശ്യമായ സഹായം നൽകാൻ തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു.

ഇന്ന് രാവിലെ മുതൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 100ൽ കൂടുതൽ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇസ്രായേലിന്റെ പ്രാകൃതമായ ആക്രമണത്തെ അപലപിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാവണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.

2023 ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ 53,119 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 119,919 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കൊല്ലപ്പെട്ടവരുടെ എണ്ണം 61,700ൽ അധികമാണെന്നാണ് സർക്കാർ മീഡിയ ഓഫീസ് നൽകുന്ന വിവരം.

Similar Posts