< Back
World
400 killed after Pakistan airstrike hits Kabul hospital
World

കാബൂളിലെ ലഹരി ചികിത്സാ കേന്ദ്രത്തില്‍ പാക് വ്യോമാക്രമണം; 400 പേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍

ശരത് ലാൽ തയ്യിൽ
|
17 March 2026 7:30 AM IST

സൈനിക കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് പാകിസ്താന്‍

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ലഹരി ചികിത്സാ കേന്ദ്രത്തിന് നേരെ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍. 250ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണമുണ്ടായത്. അതേസമയം, ലഹരി ചികിത്സാ കേന്ദ്രം ആക്രമിച്ചിട്ടില്ലെന്നും സൈനിക കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നും പാകിസ്താന്‍ പ്രതികരിച്ചു.

ലഹരിക്ക് അടിമയായവരെ ചികിത്സിക്കുന്ന കാബൂളിലെ ഉമര്‍ ആശുപത്രിയിലാണ് വ്യോമാക്രമണമുണ്ടായത്. 2000 കിടക്കകളുള്ള ചികിത്സാ കേന്ദ്രത്തിൻ്റെ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും ആക്രമണത്തില്‍ തകര്‍ന്നതായി താലിബാന്‍ സര്‍ക്കാരിന്റെ ഡെപ്യൂട്ടി വക്താവ് ഹംദുല്ല ഫിത്‌രത് പറഞ്ഞു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഇവിടെ വലിയ തോതിലുള്ള തീപ്പിടിത്തമുണ്ടായി.


എല്ലാ തത്വങ്ങള്‍ക്കും എതിരാണ് പാക് ആക്രമണമെന്നും മാനവികതക്കെതിരായ കുറ്റകൃത്യമാണ് നടത്തിയതെന്നും അഫ്ഗാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.

ആശുപത്രി ആക്രമിച്ചിട്ടില്ലെന്നും കാബൂളിലെയും കിഴക്കന്‍ അഫ്ഗാനിലെയും സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും പാകിസ്താന്‍ പ്രതികരിച്ചു. അഫ്ഗാന്റെ അവകാശവാദം പാകിസ്താനെതിരായ പൊതുവികാരം ഉയര്‍ത്താന്‍ വേണ്ടിയുള്ളതാണെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.

Similar Posts