< Back
World
naked Donald Trump
World

ലാസ് വെഗാസില്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ കൂറ്റന്‍ നഗ്ന പ്രതിമ

Web Desk
|
30 Sept 2024 12:58 PM IST

'കുതന്ത്രവും അശ്ലീലവും' എന്ന വാചകവും പ്രതിമയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ച് മുന്നേറുന്നതിനിടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍പ്രസിഡന്‍റുമായ ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രതിമ നടുറോഡില്‍. നൊവാഡയിലെ ലാസ് വേഗസിലാണ് 43 അടി ഉയരമുള്ള പ്രതിമ പ്രത്യക്ഷപ്പെട്ടത്. അമേരിക്കയുടെ പലഭാഗത്തും ട്രംപിന്‍റെ നഗ്ന പ്രതിമ സ്ഥാപിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ ടാബ്ലോയിഡ് ന്യൂസ് ഔട്ട്ലെറ്റായ ടിഎംഇസഡ്(TMZ) റിപ്പോര്‍ട്ട് ചെയ്യുന്നു. 'കുതന്ത്രവും അശ്ലീലവും' എന്ന വാചകവും പ്രതിമയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് പ്രതിമ സ്ഥാപിച്ചതെന്നാണ് നിഗമനം. ഏകദേശം 6,000 പൗണ്ട് ഭാരമുള്ള പ്രതിമ പഞ്ഞിയുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ചെമ്പന്‍ മുടിയും ചാടിയ വയറുമായി വിഷാദഭാവത്തിലാണ് ട്രംപിന്‍റെ പ്രതിമ നില്‍ക്കുന്നത്.2016ലെ തെരഞ്ഞെടുപ്പ് സമയത്തും സമാന രീതിയില്‍ ട്രംപിന്‍റെ നഗ്‌ന പ്രതിമകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ട്രംപിന്‍റെ അതേ വലിപ്പത്തിലുള്ള അഞ്ച് നഗ്‌ന പ്രതിമകള്‍ നിര്‍മിക്കാന്‍ ജോഷ്യ ജിഞ്ചര്‍ എന്ന വ്യക്തിയെ ഏല്‍പ്പിച്ചിരുന്നു. ഈ പ്രതിമ 2018 ല്‍ ലേലത്തില്‍ വിറ്റുപോവുകയും സാക് ബാഗന്‍സ് എന്ന വ്യക്തി 28,000 ഡോളറിന് (ശരാശരി 24 ലക്ഷം രൂപ)വാങ്ങുകയും ചെയ്തിരുന്നു. അന്ന് സ്ഥാപിച്ചതിനെക്കാള്‍ ഇരട്ടി വലിപ്പത്തിലുള്ളതാണ് പുതിയ പ്രതിമ.

അതേസമയം വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട സര്‍വേ ഫലങ്ങള്‍ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനാണ് മുന്‍തൂക്കം. ഷിക്കാഗോ സര്‍വകലാശാലയിലെ നോര്‍ക് സംഘടിപ്പിച്ച സര്‍വേയില്‍ ട്രംപിനേക്കാള്‍ 38 പോയിന്റിന് മുന്നിലാണ് കമല. ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് യുവാക്കള്‍ക്കിടയില്‍ സംഘടിപ്പിച്ച സര്‍വേയിലും കമല ഹാരിസാണ് മുന്നില്‍. 18നും 29നുമിടയിലുള്ളവരില്‍ നടത്തിയ സര്‍വേയില്‍ ഡോണാള്‍ഡ് ട്രംപിനെക്കാള്‍ 32 ശതമാനം വോട്ട് സാധ്യത കമലയ്ക്കാണ്. റോയിട്ടേഴ്‌സ് - ഇപ്‌സോസ് സര്‍വേയിലും കമല ഹാരിസ് തന്നെയാണ് മുന്നില്‍. ട്രംപിനേക്കാള്‍ 7 പോയിന്റ് ലീഡാണ് കമല ഹാരിസിനുള്ളതെന്നാണ് സര്‍വേ ഫലം.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിലും കമല മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ട്രംപ് നുണപ്രചാരകനെന്ന് കമല പറഞ്ഞപ്പോള്‍ കുടിയേറ്റ ചര്‍ച്ചയില്‍ കമലയെ ട്രംപ് തളര്‍ത്തി. സംവാദത്തിലെ പ്രകടനം കമലയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നാണ് നിഗമനം.

Similar Posts