
'ചെയ്യാത്ത കുറ്റത്തിന് 43 വർഷം ജയിലിൽ'; ഇന്ത്യൻ വംശജനെ നാടുകടത്തുന്നത് തടഞ്ഞ് യുഎസ് കോടതികൾ
|ഒമ്പത് മാസം പ്രായമുള്ളപ്പോൾ മുതൽ അമേരിക്കയിൽ താമസിക്കുന്ന നിയമപരമായ സ്ഥിര താമസക്കാരനാണ് സുബ്രഹ്മണ്യം വേദം
പെൻസിൽവാനിയ: കൊലപാതകക്കുറ്റത്തിന് നാല് പതിറ്റാണ്ടിലേറെ ജയിലിൽ കഴിഞ്ഞ പെൻസിൽവാനിയയിൽ നിന്നുള്ള ഇന്ത്യൻ വംശജനായ 64 കാരനായ സുബ്രഹ്മണ്യം വേദത്തെ നാടുകടത്തുന്നത് തടയാൻ രണ്ട് പ്രത്യേക കോടതികൾ യുഎസ് ഇമിഗ്രേഷൻ അധികാരികളോട് ഉത്തരവിട്ടു. കൊലപാതകക്കുറ്റത്തിന് നാല് പതിറ്റാണ്ടിലേറെ ജയിലിൽ സുബ്രഹ്മണ്യം തെറ്റുകാരനല്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒക്ടോബറിൽ കേസ് റദ്ധാക്കിയിരുന്നു.
ഒമ്പത് മാസം പ്രായമുള്ളപ്പോൾ മുതൽ അമേരിക്കയിൽ താമസിക്കുന്ന നിയമപരമായ സ്ഥിര താമസക്കാരനാണ് സുബ്രഹ്മണ്യം വേദം. നിലവിൽ ലൂസിയാനയിലെ അലക്സാണ്ട്രിയയിലുള്ള ഒരു ഹ്രസ്വകാല ഹോൾഡിംഗ് സെന്ററിലാണ് സുബ്രഹ്മണ്യത്തെ തടവിലാക്കിയിരിക്കുന്നത്. ഇയാളെ നാടുകടത്തലിന് തയ്യാറെടുക്കവെയാണ് ഇമിഗ്രേഷൻ ജഡ്ജി സ്റ്റേ പുറപ്പെടുവിച്ചത്.
1980ൽ പെൻസിൽവാനിയയിലെ സ്റ്റേറ്റ് കോളജിൽ വെച്ച് തന്റെ സഹപാഠിയും റൂംമേറ്റുമായ ടോം കിൻസറിനെ കൊലപ്പെടുത്തിയ കേസിൽ സുബ്രഹ്മണ്യം വേദത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 1983ൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വേദത്തിന് 20-ാം വയസിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തിനും ശിക്ഷ ലഭിച്ചു. പതിറ്റാണ്ടുകളായി നീണ്ടുനിന്ന അപ്പീലുകളിൽ ഒടുവിൽ 2025 ഒക്ടോബറിൽ കൊലപാതകക്കുറ്റം റദ്ദാക്കപ്പെട്ടു. ഒക്ടോബർ 3ന് മോചിപ്പിച്ച ഇയാളെ ഉടൻ തന്നെ ഇമിഗ്രേഷൻ കസ്റ്റഡിയിലേക്ക് കൊണ്ടുപോയി.
എൽഎസ്ഡി ഡെലിവറി കുറ്റത്തിനാണ് നിലവിൽ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) സുബ്രഹ്മണ്യത്തെ നാടുകടത്താൻ ശ്രമിക്കുന്നത്. എന്നാൽ ജയിലിൽ കഴിഞ്ഞ വർഷങ്ങൾ പതിറ്റാണ്ടുകൾ പഴക്കമുള്ള മയക്കുമരുന്ന് ശിക്ഷയേക്കാൾ കൂടുതലായിരിക്കുന്നുവെന്ന് സുബ്രഹ്മണ്യത്തിന്റെ അഭിഭാഷകർ വാദിക്കുന്നു. ജയിലിൽ വെച്ച് സുബ്രഹ്മണ്യം ബിരുദങ്ങൾ നേടുകയും സഹതടവുകാർക്ക് ട്യൂഷൻ നൽകുകയും ചെയ്താണ് ചെലവഴിച്ചത്.