
പേരിനൊരു വിമാനത്താവളം പോലുമില്ലാത്ത ആറ് രാജ്യങ്ങൾ,എന്നാല്‍ ഇങ്ങോട്ടെത്തുന്നത് ലക്ഷക്കണക്കിന് വിനോദസഞ്ചാരികള്‍
|ലോകത്തെ എണ്ണം പറഞ്ഞ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഈ ആറ് രാജ്യങ്ങളിലുള്ളത്
ലോകത്ത് ഒറ്റ വിമാനത്താവളങ്ങൾ പോലുമില്ലാത്ത രാജ്യങ്ങളുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാമോ.വികസനമെത്താത്ത ഏതോ രാജ്യങ്ങളാകുമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ലക്ഷക്കണക്കിന് ടൂറിസ്റ്റുകൾ ഒഴുകിയെത്തുന്ന രാജ്യങ്ങളാണ് ഇവ. ലോകത്തെ തന്നെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ആറ് രാജ്യങ്ങൾക്കാണ് സ്വന്തമായി വിമാനത്താവളമില്ലാത്തത്. അപ്പോൾ സഞ്ചാരികൾ ഇവിടേക്ക് എങ്ങനെ എത്തുമെന്നാണോ ചിന്തിക്കുന്നത്. വിമാനത്താവളങ്ങൾക്ക് പകരം, ഹെലിപോർട്ടുകളെയോ രാജ്യത്തിന് തൊട്ടടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളെയോ കടൽപാതകളെയോയാണ് ഇവ ആശ്രയിക്കുന്നത്. ഈ ആറ് രാജ്യങ്ങളെക്കുറിച്ച് കൂടുതലറിയാം...

വത്തിക്കാൻ സിറ്റി
ഭൂമിയിലെ ഏറ്റവും ചെറിയ പരമാധികാര രാഷ്ട്രമായ വത്തിക്കാന് സ്വന്തമായ വിമാനത്താവളമില്ല.റോമിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്നിൽ ഇറങ്ങിയ ശേഷം കാറിലോ കാൽനടയായോ വത്തിക്കാൻ സിറ്റിയിലെത്താം. 30 മിനിറ്റ് മാത്രമാണ് ഇവിടേക്ക് നടക്കാനൊള്ളൂ. സെന്റ് പീറ്റേഴ്‌സ് ബസിലിക്ക,സിസ്റ്റൈൽ ചാപ്പൽ തുടങ്ങിയവ സന്ദർശിക്കാനായി നിരവധി വിനോദ സഞ്ചാരികളാണ് എല്ലാ വർഷവും വത്തിക്കാൻ സിറ്റി സന്ദർശിക്കുന്നത്.

അൻഡോറ
വിമാനത്താവളങ്ങളില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണിത്. ഫ്രാൻസിനും സ്‌പെയിനിനും ഇടയിൽ പൈറനീസ് പർവതനിരകളിലാണ് അൻഡോറ സ്ഥിതി ചെയ്യുന്നത് . അൻഡോറയുടെ പരുക്കൻ ഭൂപ്രകൃതിയാണ് ഇവിടുത്തെ റൺവേ നിർമ്മാണം അസാധ്യമാക്കുന്നത്. എന്നാൽ അഡോറ പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രമാണ്. സ്‌കീ റിസോർട്ടുകൾ, മനോഹരമായ പർവതങ്ങൾ എന്നിവയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. സമീപത്തുള്ള സ്‌പെയിൻ , ഫ്രാൻസ് വിമാനത്താവളങ്ങൾ വഴിയാണ് സഞ്ചാരികളെ അൻഡോറ സ്വാഗതം ചെയ്യുന്നത് .വെറും 12 കിലോമീറ്റർ അകലെയുള്ള അൻഡോറ-ലാ സ്യൂ ഡി ഉർഗൽ വിമാനത്താവളത്തിലിറങ്ങി സാഹസിക റോഡ് യാത്രയുമായി ഇവിടേക്ക് എത്താം.

ലിച്ചെൻസ്റ്റീൻ
സ്വിറ്റ്സർലൻഡിനും ആസ്ട്രിയയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ലിച്ചെൻസ്‌റ്റൈൻ, ചെറിയൊരു രാജ്യമാണ്. വിമാന ഗതാഗതത്തേക്കാൾ സമാധാനമാണ് ഇവിടുത്തുകാർ ഇഷ്ടപ്പെടുന്നത്. സന്ദർശകർ സാധാരണയായി സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ ഇറങ്ങുകയും ട്രെയിനിലും ബസിലുമായി ലിച്ചെൻസ്റ്റീൽ പ്രവേശിപ്പിക്കുകയും ചെയ്യും. ഇനി ഇതൊന്നുമല്ലെങ്കിൽ ബാൽസേഴ്സിലെ ഒരു ഹെലിപോർട്ട് വഴിയും ഇങ്ങോട്ടെത്താം..

മൊണാക്കോ
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് മൊണാക്കോ. മൂന്ന് വശവും ഫ്രാൻസിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന രാജ്യമാണിത്. വെറും രണ്ട് ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇവിടെ ഇഞ്ചും മനോഹരമായ കാസിനോകളാൽ സമ്പന്നമാണ്. 30 കിലോമീറ്റർ അകലെയുള്ള നൈസ് കോട്ട് ഡി അസൂർ വിമാനത്താവളത്തിൽ ഇറങ്ങി കാബ് ബുക്ക് ചെയ്‌തോ,ബോട്ട് മാർഗം വഴിയോ ഇവിടേക്ക് എത്താം. ഫോർമുല 1 മൊണാക്കോ ഗ്രാൻഡ് പ്രിക്‌സ് ഇവിടെയാണ് നടക്കുന്നത്.

സാൻ മറീനോ
ഇറ്റലിയാൽ ചുറ്റപ്പെട്ടതും ടൈറ്റാനോ പർവതത്തിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് സാൻ മറിനോ .ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന റിപ്പബ്ലിക്കുകളിൽ ഒന്നാണിത്. ഇറ്റലിയിലെ റിമിനിയിലേക്കോ ബൊളോണ വിമാനത്താവളങ്ങളിലിറങ്ങിയ ശേഷം ബസിൽ സാൻ മറീനോയിലെത്താം. മധ്യകാല തെരുവുകൾ, പുരാതന ഗോപുരങ്ങൾ, അതിശയിപ്പിക്കുന്ന കാഴ്ചകൾ ഇവിടെ സഞ്ചാരികളുടെ മനം കവരുന്നു.

കിരിബതി
പസഫിക് സമുദ്രത്തിലെ 3.5 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന രാജ്യമാണ് കിരിബതി . തലസ്ഥാനത്ത് ഒരു വിമാനത്താവളമുണ്ടെങ്കിലും, അതിന്റെ 33 ദ്വീപുകളിൽ ഭൂരിഭാഗവും ബോട്ട് വഴി മാത്രമേ എത്തിച്ചേരാനാകൂ.