< Back
World
The woman is seen introducing herself to US Senator Elizabeth Warren

യു.എസ് സെനറ്റര്‍ എലിസബത്ത് വാറനോട് സംസാരിക്കുന്ന ഫലസ്തീന്‍ വനിത

World

എന്‍റെ കുടുംബത്തിലെ 68 പേരാണ് കൊല്ലപ്പെട്ടത്, വെടിനിര്‍ത്തലിന് മുന്‍പ് ഇനിയും എത്രപേര്‍ മരിക്കണം; ഫലസ്തീന്‍ വനിത

Web Desk
|
11 Nov 2023 11:02 AM IST

ഞാന്‍ ഗസ്സയില്‍ നിന്നുള്ള ഒരു അഭയാര്‍ഥിയാണ്

ബോസ്റ്റണ്‍: ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് മസാച്യുസെറ്റ്‌സിലെ യുഎസ് സെനറ്റർ എലിസബത്ത് വാറനോട് ആവശ്യപ്പെടുന്ന ഫലസ്തീന്‍ വനിതയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബോസ്റ്റണിലെ ഒരു റസ്റ്റോറന്‍റില്‍, ഒരു ഫലസ്തീനിയൻ അഭയാർഥിയാണെന്ന് വാറന് സ്വയം പരിചയപ്പെടുത്തുന്ന സ്ത്രീ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ തന്‍റെ കുടുംബത്തിലെ 68 അംഗങ്ങൾ കൊല്ലപ്പെട്ടതായി എലിസബത്തിനോട് പറയുന്നുണ്ട്.

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഇനിയും എത്രപേര്‍ മരിക്കണമെന്ന് അവര്‍ ചോദിക്കുന്നു. ''ഞാന്‍ ഗസ്സയില്‍ നിന്നുള്ള ഒരു അഭയാര്‍ഥിയാണ്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ എന്‍റെ കുടുംബത്തിലെ 68 പേരാണ് കൊല്ലപ്പെട്ടത്. വെടിനിര്‍ത്തലിനു മുന്‍പ് ഇനിയും എത്രപേർ മരിക്കണമെന്ന് എനിക്കറിയണം. എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം'' ഫലസ്തീന്‍‌ വനിത പറയുന്നു. ''ആളുകൾ ദിവസവും നിങ്ങളുടെ ഓഫീസിലേക്ക് വെടിനിർത്തൽ ആവശ്യപ്പെട്ട് വിളിക്കുന്നു, നിങ്ങൾ വെടിനിർത്തലിന് വിളിക്കാൻ വിസമ്മതിക്കുന്നു," അവർ കൂട്ടിച്ചേർത്തു."ജൂയിഷ് വോയ്‌സ് ഫോർ പീസ് - ബോസ്റ്റൺ" എന്ന സോഷ്യൽ മീഡിയ അക്കൗണ്ടാണ് എക്‌സിൽ ഈ വീഡിയോ പങ്കുവെച്ചത്.

തിങ്കളാഴ്ച, ഫലസ്തീൻ അനുകൂല പ്രതിഷേധക്കാരുടെ ഒരു ചെറിയ സംഘം ബോസ്റ്റൺ സിറ്റി ഹാളിന് പുറത്ത് മാര്‍ച്ച് നടത്തിയിരുന്നു. സെനറ്റര്‍ വാറനും ഈ സമയം ഓഫീസിലുണ്ടായിരുന്നു. ഇസ്രായേലിലും ഗസ്സയിലും ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വാറൻ സിറ്റി ഹാൾ മെസാനൈനിൽ നിന്ന് പുറത്തുപോകുന്നതിനിടെയായിരുന്നു സംഭവം.തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് സമരക്കാരെ പരിസരത്ത് നിന്ന് നീക്കുകയായിരുന്നു.

Similar Posts