< Back
World
8 captives released in Gaza
World

എട്ട് ഇസ്രായേലി ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്; 110 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയക്കും

Web Desk
|
30 Jan 2025 5:31 PM IST

ഖാൻ യൂനിസിൽ ഹമാസ് തലവനായിരുന്ന യഹ്‌യാ സിൻവാറിന്റെ വീടിന് സമീപത്തുവെച്ചാണ് ബന്ദികളെ മോചിപ്പിച്ചത്.

ഗസ്സ: ഹമാസ് തടവിലാക്കിയ എട്ട് ഇസ്രായേലി ബന്ദികളെ കൂടി മോചിപ്പിച്ചു. ഖാൻ യൂനിസിൽ ഹമാസ് തലവനായിരുന്ന യഹ്‌യാ സിൻവാറിന്റെ വീടിന് സമീപത്തുവെച്ചാണ് ബന്ദികളെ മോചിപ്പിച്ചത്. മൂന്ന് ഇസ്രായേൽ പൗരൻമാരും അഞ്ച് തായ് പൗരൻമാരുമാണ് മോചിപ്പിക്കപ്പെട്ടത്. ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥയായ അഗാം ബെർജറിനെയാണ് ആദ്യം വിട്ടയച്ചത്. ജബാലിയയിൽവെച്ചാണ് ഇവരെ മോചിപ്പിച്ചത്.

ഹമാസ് ബന്ദിയാക്കിയ എർബൽ യഹൂദിനെ റെഡ്‌ക്രോസിന് കൈമാറിയതായി ഇസ്രായേലിന്റെ ചാനൽ 12 റിപ്പോർട്ട് ചെയ്തു. ബന്ദി മോചനം കാണാനായി ഖാൻ യൂനിസിൽ നൂറുകണക്കിന് ഫലസ്തീനികളാണ് ഒരുമിച്ച് കൂടിയത്. വിട്ടയക്കപ്പെട്ട ബന്ദികളെ സ്വീകരിക്കുന്നതിനായി നിരവധിപേർ തെൽ അവീവിലും ഒരുമിച്ചുകൂടിയിട്ടുണ്ട്. യുഎസിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ബന്ദികളെ സ്വീകരിക്കാനായി തെൽ അവീവിൽ എത്തിയിട്ടുണ്ട്.

ബന്ദികളെ മോചിപ്പിച്ചതിന് പകരമായി 110 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കും. വിട്ടയക്കുന്ന ഫലസ്തീനികളിൽ 32 പേർ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരാണ്.

Similar Posts