< Back
World
സ്‌പൈഡർമാനെപ്പോലെയാകണം; ഉഗ്രവിഷമുള്ള ചിലന്തിയുടെ കടിയേറ്റ എട്ടുവയസുകാരൻ ആശുപത്രിയിൽ
World

സ്‌പൈഡർമാനെപ്പോലെയാകണം; ഉഗ്രവിഷമുള്ള ചിലന്തിയുടെ കടിയേറ്റ എട്ടുവയസുകാരൻ ആശുപത്രിയിൽ

Web Desk
|
10 Aug 2023 4:08 PM IST

ബ്ലാക്ക് വിഡോ ഇത്തിൽപ്പെട്ട ചിലന്തിയെയായിരുന്നു കുട്ടി പിടിച്ചുകൊണ്ടുവന്നത്

ബൊളീവിയ: സിനിമകളിലും കാർട്ടൂണുകളിലും കാണുന്ന സൂപ്പർഹീറോകളെപ്പോലെയാകാൻ കുട്ടികൾക്ക് എപ്പോഴും ഇഷ്ടമാണ്. അവരെ അനുകരിക്കുന്നത് പലപ്പോഴും അപകടങ്ങൾ വിളിച്ചുവരുത്താറുണ്ട്. അത്തരത്തിലൊരു അപകട വാർത്തയാണ് ബൊളീവിയയിൽ നിന്ന് പുറത്ത് വരുന്നത്. സ്‌പൈഡർമാൻ ആകാനുള്ള ശ്രമത്തിനിടെ എട്ടുവയസുകാരന് ഉഗ്രവിഷമുള്ള ചിലന്തിയുടെ കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചിലന്തിയുടെ കടിയേറ്റാൽ താനും സ്‌പൈഡര്മാൻ ആകുമെന്നായിരുന്നു കുട്ടി കരുതിയത്. ഇതിന് വേണ്ടി ബൊളീവിയയിലെ തന്റെ വീടിന് സമീപത്തെ നദിക്കരയിൽ പോയി ചിലന്തിയെ പിടികൂടി ഗ്ലാസിലാക്കുകയും അതിൽ കൈവെച്ച് കൊടുക്കുകയുമായിരുന്നു. ഉഗ്രവിഷമുള്ള ബ്ലാക്ക് വിഡോ ഇത്തിൽപ്പെട്ട ചിലന്തിയെയായിരുന്നു കുട്ടി പിടിച്ചുകൊണ്ടുവന്നത്. പാമ്പിൻ വിഷത്തേക്കാൾ 15 മടങ്ങ് വീര്യമുള്ള വിഷമുള്ളതാണ് ബ്ലാക് വിഡോ ഇനത്തിൽപ്പെട്ട ചിലന്തി. ബ്ലാക്ക് വിഡോയുടെ വിഷത്തിൽ ആൽഫാ - ലാട്രോടോക്‌സിൻ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് നാഡീകോശങ്ങളെയാണ് ബാധിക്കുക.

ചിലന്തിയുടെ കടിയേറ്റ് മൂന്ന് മണിക്കൂറിന് ശേഷം കുട്ടിക്ക് കഠിനമായ ശരീരവേദനയും പേശി വേദനയും അനുഭവപ്പെട്ടു. തുടർന്നാണ് കുട്ടി ചിലന്തിയുടെ കടിയേറ്റ വിവരം അമ്മയോട് പറയുന്നത്. അമ്മ ഉടൻതന്നെ കുട്ടിയെ അടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.കുട്ടി അപകടനില തരണം ചെയ്‌തെന്നും സുഖം പ്രാപിച്ചുവരികയാണെന്നും ശിശുരോഗ വിദഗ്ധൻ ഡോ. ഏണസ്റ്റോ വാസ്‌ക്വസിനെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Similar Posts