
കൊച്ചുമകന്റെ കാൻസർ ചികിത്സയ്ക്കായി 81-ാം വയസ്സിൽ 'മൈൻക്രാഫ്റ്റ്' കളിച്ച് മുത്തശ്ശി; തരംഗമായി 'ഗ്രാമ ക്രാക്കേഴ്‌സ്'
|ചാനൽ തുടങ്ങി ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരു ലക്ഷം സബ്സ്‌ക്രൈബേഴ്സ് എന്ന നേട്ടം മുത്തശ്ശി സ്വന്തമാക്കി
ലണ്ടൻ: ആശുപത്രി ബില്ലുകൾ അടയ്ക്കാൻ വഴിയില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് വലിയൊരു പ്രചോദനമാവുകയാണ് 81 വയസ്സുള്ള ഒരു മുത്തശ്ശി. കാൻസർ ബാധിതനായ തന്റെ 17 വയസ്സുകാരനായ കൊച്ചുമകന്റെ ചികിത്സാ ചെലവ് കണ്ടെത്താൻ വീഡിയോ ഗെയിം കളിച്ച് പണം കണ്ടെത്തുകയാണ് ഇവർ. 'ഗ്രാമ ക്രാക്കേഴ്‌സ്' എന്ന പേരിൽ ഇവർ തുടങ്ങിയ യൂട്യൂബ് ചാനലാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേ നേടുന്നത്.
കൊച്ചുമകന്റെ ചികിത്സയുടെ ഭാഗമായി നിരന്തരം ആശുപത്രികളിൽ കഴിയേണ്ടി വന്നപ്പോൾ ഉണ്ടായ മാനസിക സമ്മർദം കുറയ്ക്കാനാണ് ഇവർ 'മൈൻ ക്രാഫ്റ്റ്' കളിച്ച് തുടങ്ങിയത്. ഇത് വെറുമൊരു ഗെയിം അല്ല, തന്റെ കൊച്ചുമകനെ രക്ഷിക്കാനുള്ള മാർഗമാണ് ഇതെന്ന് ഇവർ തിരിച്ചറിയുകയായിരുന്നു. സരസമായ സംസാരം കേട്ട നിരവധി പേരാണ് ചാനലിന്റെ ആരാധകരായി മാറിയത്. ചാനലിൽ നിന്ന് ലഭിക്കുന്ന വരുമാനം പൂർണ്ണമായും കൊച്ചുമകന്റെ കാൻസർ ചികിത്സയ്ക്കായിട്ടാണ് ഉപയോഗിക്കുന്നത്.
ചാനൽ തുടങ്ങി ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരു ലക്ഷം സബ്സ്‌ക്രൈബേഴ്സ് എന്ന നേട്ടം മുത്തശ്ശി സ്വന്തമാക്കി. 'ഈ ചാനലിൽ നിന്നുള്ള എല്ലാ വരുമാനവും എന്റെ കൊച്ചുമകന്റെ ചികിത്സയ്ക്കായിരിക്കും എന്നും ഇവർ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നുണ്ട്. അതിന് പിന്നാലെ നിരവധി പേരാണ് ഈ മുത്തശ്ശിക്ക് പിന്തുണയുമായി എത്തുന്നത്. 'എന്റെ അച്ഛൻ ക്യാൻസറിനെ തോൽപ്പിച്ചതാണ്, നിങ്ങളുടെ കൊച്ചുമകനും അതിന് സാധിക്കും,' എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. പ്രായം വെറുമൊരു അക്കം മാത്രമാണെന്നും നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഏതൊരു പ്രതിസന്ധിയെയും മറികടക്കാമെന്നും തെളിയിക്കുന്നതാണ് ഇവരുടെ പ്രവൃത്തി.