
ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയെ തടഞ്ഞുവെച്ചതിൽ പ്രതിഷേധം | Photo: Reuters
ഇസ്രായേൽ തടഞ്ഞുവെച്ച ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിലെ ഒരു സംഘം യാത്രക്കാർ തുർക്കിയിലെത്തി
|ഇസ്താംബൂളിലെത്തിയ ഗ്ലോബൽ സുമുദ് ഫ്ലോട്ടില പ്രവർത്തകരെ തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു
ഇസ്താംബൂൾ: അന്താരാഷ്ട്ര ജലാശയത്തിൽ ഇസ്രായേൽ തടഞ്ഞുവച്ച ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയിലെ യാത്രക്കാരുമായി പുറപ്പെട്ട ഒരു വിമാനം ഇസ്രായേലിലെ എലാറ്റിലെ റാമോൺ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച ഇസ്താംബൂളിലെത്തി. ഇസ്താംബൂളിലെത്തിയ ഗ്ലോബൽ സുമുദ് ഫ്ലോട്ടില പ്രവർത്തകരെ തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് ഫ്ലോട്ടിലയിൽ ഉണ്ടായിരുന്ന പ്രവർത്തകരുടെ ധൈര്യത്തെയും ദൃഢനിശ്ചയത്തെയും ഫിദാൻ പ്രശംസിച്ചു.
നീതിക്കും മാനുഷിക മൂല്യങ്ങൾക്കും വേണ്ടിയുള്ള പോരാട്ടത്തിലൂടെ അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായി മാറിയവരാണ് ഈ ധീരരായ വ്യക്തികളെന്ന് ഫിദാൻ പറഞ്ഞു. അനഡോലു റിപ്പോർട്ട് അനുസരിച്ച് 36 തുർക്കി പൗരന്മാർ ഉൾപ്പെടെ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിലെ 137 അംഗങ്ങളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
യുഎസ്, യുഎഇ, അൾജീരിയ, മൊറോക്കോ, ഇറ്റലി, കുവൈത്ത്, ലിബിയ, മലേഷ്യ, മൗറിറ്റാനിയ, സ്വിറ്റ്സർലൻഡ്, തുനീഷ്യ, ജോർദാൻ എന്നിവയുൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണ് വിമാനത്തിലുള്ളതെന്ന് തുർക്കി നയതന്ത്ര വൃത്തങ്ങൾ അറിയിച്ചതായി ടിആർട്ടി വേൾഡ് റിപ്പോർട്ട് ചെയ്യുന്നു. തടങ്കലിൽ വെച്ച സമയത്ത് ഇസ്രായേൽ അധികാരികളിൽ നിന്ന് മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന് വിധേയരായെന്നും മൂന്ന് ദിവസത്തേക്ക് വെള്ളം നിഷേധിച്ചുവെന്നും പ്രാർഥിക്കാൻ പോലും അനുവദിച്ചില്ലെന്നും ഒരു തുർക്കി ആക്ടിവിസ്റ്റ് പറഞ്ഞതായി ടിആർടി വേൾഡ് റിപ്പോർട്ട് ചെയ്യുന്നു.