< Back
World
ACT Airlines cargo plane skids off runway, falls into sea, killing two in Hong Kong
World

എസിടി എയർലൈൻസിന്റെ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നി കടലിൽ വീണു; ഹോങ്കോംഗിൽ രണ്ട് മരണം

Web Desk
|
20 Oct 2025 11:40 AM IST

ഗ്രൗണ്ട് വാഹനത്തിലുണ്ടായിരുന്നവരാണ് മരിച്ചതെന്ന് റിപ്പോർട്ട്, നാല് ജീവനക്കാരെ രക്ഷപ്പെടുത്തി

ദുബൈ/ ഹോങ്കോംഗ്: എസിടി എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് സ്‌കൈകാർഗോ വിമാനം ഹോങ്കോംഗിൽ റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു. ഇതിനെ തുടർന്നുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ഹോങ്കോംഗ് വിമാനത്താവളം പ്രസ്താവനയിൽ പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ ദുബൈയിൽ നിന്ന് പറന്നുയർന്ന ചരക്ക് വിമാനമാണ് ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് കടലിലേക്ക് തെന്നിമാറുകയായിരുന്നുവെന്ന് വിമാനത്താവള ഓപ്പറേറ്റർ പറഞ്ഞു. രണ്ട് പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. റൺവേയ്ക്ക് സമീപമുള്ള ഗ്രൗണ്ട് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വിമാനം ഇടിച്ചാണ് മരണമെന്ന് കരുതപ്പെടുന്നത്. എയർഎസിടി ലിവറിയുള്ള ഒരു ബോയിംഗ് 747 കാർഗോ വിമാനം വിമാനത്താവളത്തിന്റെ കടൽഭിത്തിക്ക് സമീപം ഭാഗികമായി വെള്ളത്തിൽ മുങ്ങിയ ചിത്രം പുറത്തുവന്നിട്ടുണ്ട്.

തിങ്കളാഴ്ച ഹോങ്കോങ്ങിൽ ലാൻഡ് ചെയ്യുന്നതിനിടെ EK9788 വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായി എമിറേറ്റ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എസിടി എയർലൈൻസിൽ നിന്ന് ലീസിനു എടുത്ത് പ്രവർത്തിപ്പിക്കുന്ന ബോയിംഗ് 747 കാർഗോ വിമാനത്തിലെ ക്രൂ അംഗങ്ങൾ സുരക്ഷിതരാണെന്നും വിമാനത്തിൽ ഒരു ചരക്കും ഉണ്ടായിരുന്നില്ലെന്നും എമിറേറ്റ്‌സ് അധികൃതർ പറഞ്ഞു.

സംഭവം തിങ്കളാഴ്ചത്തെ വിമാന സർവീസുകളെ ബാധിക്കില്ലെന്ന് ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച ഹോങ്കോംഗ് സമയം പുലർച്ചെ 3.50 ഓടെയാണ് അപകടം നടന്നത്.

Similar Posts