< Back
World
പാകിസ്താന്റെ ആക്രമണത്തിന് ഉചിതമായ മറുപടി നല്‍കുമെന്ന് അഫ്ഗാനിസ്താന്‍
World

പാകിസ്താന്റെ ആക്രമണത്തിന് ഉചിതമായ മറുപടി നല്‍കുമെന്ന് അഫ്ഗാനിസ്താന്‍

റിഷാദ് അലി
|
23 Feb 2026 6:04 PM IST

സായുധ സംഘങ്ങളുടെ ക്യാമ്പുകളും ഒളിത്താവളങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്

കാബൂള്‍: പാകിസ്താന്റെ ആക്രമണത്തിന് ഉചിതമായ മറുപടി തന്നെ നല്‍കുമെന്ന് അഫ്ഗാനിസ്താന്‍. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാകിസ്താന്റ വ്യോമാക്രമണം. 70 പേര്‍ കൊല്ലപ്പെട്ടിരുന്നു.

സായുധ സംഘങ്ങളുടെ ക്യാമ്പുകളും ഒളിത്താവളങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് പാകിസ്താന്‍ പറയുന്നത്. എന്നാൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാരാണെന്ന് അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടം പ്രതികരിച്ചു.

ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണം ഉൾപ്പെടെയുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പിന്നിൽ അഫ്ഗാനിസ്താന്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരരാണെന്ന് പാകിസ്താന്‍ ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് പാകിസ്താന്‍ തിരിച്ചടിച്ചത്. നംഗർഹാർ, പക്തിക പ്രവിശ്യകളിലെ ഏഴ് ഭീകരതാവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്.

അതേസമയം പാകിസ്താന്റെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അഫ്ഗാനിസ്താന്‍ പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി. ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. ഭീകരരെ കൊലപ്പെടുത്തിയെന്ന പാക്ക് വാദം തെറ്റാണെന്നും സ്വന്തം രാജ്യത്തെ സുരക്ഷാ വീഴ്ചകൾ മറയ്ക്കാനാണ് പാകിസ്താന്‍ ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.

Similar Posts