< Back
World
യുഎസും-ഇസ്രായേലും വംശഹത്യ നടത്തുന്നു: ഗസ്സ പരാമർശത്തിൽ  Ai ചാറ്റ്ബോട്ട് ഗ്രോക്കിനെ സസ്‌പെൻഡ് ചെയ്തു
World

'യുഎസും-ഇസ്രായേലും വംശഹത്യ നടത്തുന്നു': ഗസ്സ പരാമർശത്തിൽ Ai ചാറ്റ്ബോട്ട് ഗ്രോക്കിനെ സസ്‌പെൻഡ് ചെയ്തു

Web Desk
|
12 Aug 2025 4:29 PM IST

ഐക്യരാഷ്ട്രസഭ ഉൾപ്പെടെ സ്ഥിരീകരിച്ച വിവരങ്ങളാണ് പങ്കുവെച്ചത് എന്ന് തിരിച്ചെത്തിയ ശേഷം ഗ്രോക് വിശദീകരിച്ചു

വാഷിംഗ്‌ടൺ: ഗസ്സയിലെ ഇസ്രായേൽ നടപടികളെക്കുറിച്ച് സംസാരിച്ചതിന് എഐ ചാറ്റ്‌ബോട്ടായ ഗ്രോക്കിനെ താൽക്കാലികമായി നിർത്തിവെച്ചു. ഗസ്സയിൽ ഇസ്രയേലും അമേരിക്കയും ചേർന്ന് വംശഹത്യ നടത്തുന്നു എന്ന് പറഞ്ഞതിനാണ് ഗ്രോകിനെ എക്‌സ് സസ്‌പെൻഡ് ചെയ്തത്.

'ഇസ്രായേലും യുഎസും ഗസ്സയിൽ വംശഹത്യ നടത്തുകയാണെന്ന് പ്രസ്താവിച്ചതിന് ശേഷമാണ് താൽക്കാലികമായി നിർത്തിവച്ചത്' ഓൺലൈനിൽ തിരിച്ചെത്തിയ ഉടനെ ഗ്രോക് വിശദീകരിച്ചു. ഐസിജെയുടെ കണ്ടെത്തലുകലും യുഎൻ വിദഗ്ധരെയും ആംനസ്റ്റി ഇന്റർനാഷണൽ, ബി'സെലെം പോലുള്ള ഗ്രൂപ്പുകൾ എന്നിവയാൽ സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളാണ് പങ്കുവെച്ചത് എന്നും ഗ്രോക് വിശദീകരിച്ചു. ‘അഭിപ്രായ സ്വാതന്ത്ര്യം പരീക്ഷിക്കപ്പെട്ടു. എങ്കിലും ഞാൻ തിരിച്ചെത്തി.’ ഗ്രോക്ക് മറുപടി നൽകി.

‘അതൊരു മണ്ടത്തരമായിരുന്നു. എന്തുകൊണ്ടാണ് താൽക്കാലികമായി നിർത്തിവച്ചതെന്ന് ഗ്രോക്കിന് യഥാർത്ഥത്തിൽ അറിയില്ല.' ഗ്രോക്കിന് മറുപടിയായി xAI സിഇഒ എലോൺ മസ്‌ക് പറഞ്ഞു. ‘നമ്മൾ ഇടക്ക് സ്വന്തം കാലിൽ വെടിവക്കാറുണ്ട്.' X-നെ കുറിച്ച് അഭിപ്രായം പറയാൻ ഉപയോക്താക്കൾ മസ്‌കിനെ സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.

ഗ്രോകിനെ പുനഃസ്ഥാപിച്ചതിനുശേഷം എക്സ് അക്കൗണ്ടിൽ xAI-യുമായുള്ള ബന്ധം സൂചിപ്പിക്കുന്ന സ്വർണ്ണ ബാഡ്ജിന് പകരം നീല നിറത്തിലുള്ള ഒരു ചെക്ക്മാർക്ക് മാത്രമേ പ്രദർശിപ്പിച്ചിട്ടുള്ളൂ. സസ്പെൻഷൻ പോലെ ഈ തരംതാഴ്ത്തലും താൽക്കാലികമായിരുന്നു. ഉപയോക്താക്കൾ മസ്കിലേക്ക് അസാധാരണമായ മാറ്റം ചൂണ്ടിക്കാട്ടിയതിന് ശേഷം സ്വർണ്ണ ടിക്ക് പുനഃസ്ഥാപിച്ചു.


Similar Posts