< Back
World
ഇസ്രായേലികളെ സമാധാനമായി ഇരിക്കാന്‍ അനുവദിക്കരുത്: ഇറാന്റെ ആക്രമണ തന്ത്രം വിവരിച്ച് മാധ്യമപ്രവര്‍ത്തകന്‍
World

'ഇസ്രായേലികളെ സമാധാനമായി ഇരിക്കാന്‍ അനുവദിക്കരുത്': ഇറാന്റെ ആക്രമണ തന്ത്രം വിവരിച്ച് മാധ്യമപ്രവര്‍ത്തകന്‍

റിഷാദ് അലി
|
11 March 2026 11:43 AM IST

'സൈറണുകളും മിസൈലുകളും, മിസൈലുകളും സൈറണുകളും ഇതായിരുന്നു ആ രാത്രിയിലെ കഥ, അവ എല്ലാം ഇസ്രായേലിനെ ലക്ഷ്യമാക്കി പറന്നു'

തെല്‍ അവീവ്: ഇറാനൊരുക്കുന്നത് ഇസ്രായേലിനെ വിശ്രമിക്കാന്‍ വിടാത്ത രീതിയിലുള്ള ആക്രമണ തന്ത്രം. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇറാന്‍ ഇതുവരെ നടത്തിയതില്‍ ഏറ്റവും രൂക്ഷമായ ആക്രമണമാണ് നടത്തിയത്. ഖുര്‍റംശഹ്ര്‍ പോലുള്ള മാരകമായ മിസൈലുകള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു.

അല്‍ജസീറയുടെ ജോര്‍ദാന്‍ റിപ്പോര്‍ട്ടര്‍ റോറി ചലാൻഡ്‌സാണ് ഇറാന്റെ യുദ്ധ തന്ത്രം പറയുന്നത്. ഇസ്രായേലിലേക്കുള്ള ഇറാന്റെ മിസൈൽ പാത മാത്രമുള്ള ഒരു രാജ്യമല്ല ജോര്‍ദാനെന്നും, മറിച്ച് ഇസ്രായേലിന്റെ തൊട്ടടുത്ത അയൽവാസി കൂടിയാണെന്ന് പറഞ്ഞാണ് അല്‍ജസീറയിലെ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് തുടങ്ങുന്നത്.

എവിടെയാണോ ഇരുന്നത്, അവിടം വരെ ഇസ്രായേലിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ മുഴങ്ങുന്ന ശബ്ദം കേൾക്കാമെന്ന് അദ്ദേഹം പറയുന്നു.

'സൈറണുകളും മിസൈലുകളും, മിസൈലുകളും സൈറണുകളും ഇതായിരുന്നു ആ രാത്രിയിലെ കഥ. മധ്യ ഇസ്രായേലും അതുപോലെ വടക്കൻ ഇസ്രായേലും ലക്ഷ്യമാക്കി മിസൈലുകള്‍ പറന്നുകൊണ്ടേയിരുന്നു. ഈ സൈറണുകൾ മുഴങ്ങുമ്പോഴെല്ലാം ഇസ്രായേലികൾ ഒന്നുകിൽ ഒരു സുരക്ഷിത മുറിയിലേക്കോ അല്ലെങ്കിൽ ബങ്കറിലേക്കോ ഓടേണ്ടതുണ്ട്. അതായത് ഇസ്രായേലികൾക്ക് ഒട്ടും വിശ്രമം നൽകരുത് എന്നതാണ് ഇറാൻ യഥാർത്ഥത്തിൽ ലക്ഷ്യമിടുന്ന തന്ത്രം'- അദ്ദേഹം വ്യക്തമാക്കി.

'ഇറാന്റെ മിസൈലുകളോരൊന്നും ഒന്നുകിൽ വെടിവെച്ചിട്ടതായോ അല്ലെങ്കിൽ വിജനമായ പ്രദേശങ്ങളിൽ പതിച്ചതായോ ആണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്. ഈ മിസൈലുകൾ വരുത്തുന്ന നാശനഷ്ടങ്ങളെക്കുറിച്ച് വിലയിരുത്തൽ നടത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം, ഇസ്രേയലിന്റെ കടുത്ത സെന്‍സറിങ്ങാണ്. ആക്രമണ സ്ഥലങ്ങളിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ എത്തുന്നതോ, ആളുകൾ മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നതോ ഒന്നും ഇസ്രായേൽ സൈന്യം പ്രോത്സാഹിപ്പിക്കുന്നില്ല. അവര് തടയുന്നു. അതുകൊണ്ട് തന്നെ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നോ, ആരെങ്കിലും മരിച്ചോ പരിക്കേറ്റോ എന്നിവയൊക്കെ അറിയുന്നത് ബുദ്ധിമുട്ടാണെന്നും'- അദ്ദേഹം പറയുന്നു.

ഇസ്രായേലില്‍ ഇറാന്റെ കനത്ത മിസൈല്‍ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. തെല്‍ അവിവിലും ജെറുസലേമിലും നിരവധി മിസൈലുകളാണ് പതിച്ചു. അതേസമയം, തെഹ്‌റാന്‍ ഉള്‍പ്പെടെയുള്ള ഇറാന്‍റെ വിവിധ നഗരങ്ങളില്‍ ഇസ്രായേലും അമേരിക്കയും ആക്രമണം തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ 16 ഇറാന്‍ ബോട്ടുകള്‍ തകര്‍ത്തുവെന്ന് യുഎസ് അവകാശപ്പെട്ടു.

Related Tags :
Similar Posts