
‘ഗസ്സയിലെ ജനങ്ങളെയും, സുരക്ഷിതമായി ജീവിക്കാൻ അവസരം ലഭിക്കാത്ത കുട്ടികളെയും ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു’ അൽ ജസീറ റിപ്പോർട്ടർ അനസ് ഷെരീഫിന്റെ ഒസ്യത്ത്
|‘എന്റെ കണ്ണിന്റെ കൃഷ്ണമണി, എന്റെ പ്രിയപ്പെട്ട മകൾ ഷാം, ഇതുവരെ സ്വപ്നം കാണുവാൻ സാധിച്ചിട്ടില്ലാത്ത അവളെ ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു’
ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെ നേർക്കാഴ്ചകൾ അൽജസീറയുടെ ലെൻസിലൂടെയും മൈക്കിലൂടെയും നിരന്തരം പുറത്തെത്തിച്ചു കൊണ്ടിരുന്ന അനസ് ഷെരീഫ് ഉൾപ്പെടെ അഞ്ച് പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. നാലുമാസം മുമ്പേ തന്റെ ഒസ്യത്ത് തയ്യാറാക്കി സഹപ്രവർത്തകരെ അദ്ദേഹം ഏൽപ്പിച്ചിരുന്നു. അവർ അദ്ദേഹത്തിന്റെ എഫ്ബി പേജിൽ പോസ്റ്റ് ചെയ്ത ഒസ്യത്ത്.
‘ഇതാണ് എന്റെ അവസാന ഒസ്യത്തും എന്റെ അവസാന സന്ദേശവും. എന്റെ ഈ വാക്കുകൾ നിങ്ങളിൽ എത്തുകയാണെങ്കിൽ, എന്നെ കൊല്ലുന്നതിലും എന്നെ നിശബ്ദമാക്കുന്നതിലും ഇസ്രായേൽ വിജയിച്ചു എന്നറിയുക.
അല്ലാഹുവിന്റെ സമാധാനവും കരുണയും നിങ്ങളിലുണ്ടാവട്ടെ.
ജബാലിയ അഭയാർത്ഥി ക്യാമ്പിലെ ഇടവഴികളിലും അയൽപക്കങ്ങളിലും ഞാൻ ജീവിതത്തിലേക്ക് കണ്ണുതുറന്നതുമുതൽ, എന്റെ ജനങ്ങൾക്ക് പിന്തുണയും ശബ്ദവുമാകാൻ ഞാൻ എന്റെ എല്ലാ പരിശ്രമവും ശക്തിയും ചെലുത്തിയെന്ന് അല്ലാഹുവിനറിയാം. എന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടുമൊപ്പം അധിനിവിഷ്ട അഷ്‌കെലോണിലേക്ക് (അൽ മജ്ദൽ), ഞങ്ങളുടെ യഥാർത്ഥ ജന്മനാടിലേക്ക്, മടങ്ങാൻ കഴിയും വിധം അല്ലാഹു എന്റെ ആയുസ്സ് വർദ്ധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അല്ലാഹുവിന്റെ ഇഷ്ടം പരമോന്നതമായിരുന്നു, അവന്റെ വിധി അന്തിമവും.
ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ഞാൻ വേദനകൾ അനുഭവിച്ചിട്ടുണ്ട്, യാതനകളും നഷ്ടവും ആവർത്തിച്ചനുഭവിച്ചിട്ടുണ്ട്. എങ്കിലും വ്യാജമോ വളച്ചൊടിക്കലോ ഇല്ലാതെ സത്യം അതേപടി അറിയിക്കാൻ ഞാൻ ഒരിക്കലും മടിച്ചിട്ടില്ല.
ഞങ്ങളെ ഉന്മൂലനം ചെയ്യുന്നതിൽ മൗനം പാലിച്ചവർക്കും, അംഗീകരിച്ചവർക്കും, ശ്വാസം അടക്കിപ്പിടിച്ചവർക്കും, നമ്മുടെ കുട്ടികളുടെയും സ്ത്രീകളുടെയും ശരീരാവശിഷ്ടങ്ങൾ കണ്ട് ഹൃദയം ചലിക്കാത്തവർക്കും, ഒന്നര വർഷത്തിലേറെയായി നമ്മുടെ ജനങ്ങൾ അനുഭവിച്ചുവരുന്ന കൂട്ടക്കൊല നിർത്താത്തവർക്കും എതിരെ അല്ലാഹു സാക്ഷിയാകട്ടെ.
മുസ്ലിം ലോകത്തിന്റെ കിരീടത്തിലെ രത്നവും ഈ ലോകത്തിലെ ഓരോ സ്വതന്ത്ര വ്യക്തിയുടെയും ഹൃദയമിടിപ്പുമായ ഫലസ്തീനെ ഞാൻ നിങ്ങളെ ഏൽപിക്കുന്നു.
സ്വപ്നം കാണാനും സുരക്ഷിതത്വത്തിലും സമാധാനത്തിലും ജീവിക്കാനും അവസരം നിഷേധിക്കപ്പെട്ട ഫലസ്തീനി ജനതയെയും ഞങ്ങളുടെ അടിച്ചമർത്തപ്പെട്ട കുട്ടികളെയും ഞാൻ നിങ്ങളെ ഏൽപിക്കുന്നു.
അവരുടെ ശുദ്ധമായ പിഞ്ചുശരീരങ്ങൾ പരസഹസ്രം ടൺ കണക്കിന് ഇസ്രായേലി ബോംബുകളും മിസൈലുകളും ഏറ്റ് ചിന്നഭിന്നമായി അവശിഷ്ടങ്ങൾ ഗസ്സയുടെ തകർന്ന ചുവരുകളിൽ ചിതറിക്കിടക്കുന്നുണ്ട്.
നിങ്ങൾ നിയന്ത്രണങ്ങളാൽ നിശബ്ദരാകരുതെന്നും അതിർത്തികളാൽ തടഞ്ഞുനിർത്തപ്പെടരുതെന്നും ഞാൻ ഉപദേശിക്കുന്നു. നമ്മുടെ തട്ടിയെടുത്ത മാതൃരാജ്യത്ത് അന്തസ്സിന്റെയും സ്വാതന്ത്ര്യത്തിന്റെയും സൂര്യൻ പ്രകാശിക്കുന്നതിന് രാജ്യത്തിന്റെയും അതിന്റെ ജനങ്ങളുടെയും വിമോചനത്തിലേക്കുള്ള പാലങ്ങളാകുക.
എന്റെ കുടുംബത്തെ ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു.
എന്റെ കണ്ണിന്റെ കൃഷ്ണമണി, എന്റെ പ്രിയപ്പെട്ട മകൾ ഷാം, ഇതുവരെ സ്വപ്നം കാണുവാൻ സാധിച്ചിട്ടില്ലാത്ത അവളെ ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട മകൻ സലാഹിനെ ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു, അവൻ ശക്തനാകുന്നതുവരെ അവന് താങ്ങും കൂട്ടുമായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു, അങ്ങനെ അവൻ എന്റെ ഭാരങ്ങൾ വഹിക്കുകയും തന്റെ ദൗത്യം പൂർത്തിയാക്കുകയും ചെയ്യണമെന്ന്.
എന്റെ പ്രിയപ്പെട്ട ഉമ്മയെ ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു, അവരുടെ പ്രാർത്ഥനകൾ എന്നെ അനുഗ്രഹിക്കുകയും ഈ ഘട്ടത്തിലെത്താൻ എന്നെ പ്രാപ്തനാക്കുകയും ചെയ്തു. അവരുടെ പ്രാർത്ഥനകൾ എന്റെ പരിചയും വെളിച്ചവുമായിരുന്നു. അവരുടെ ഹൃദയത്തെ ശക്തിപ്പെടുത്താനും എനിക്ക് വേണ്ടി അവർക്ക് സമൃദ്ധമായി പ്രതിഫലം നൽകാനും ഞാൻ അല്ലാഹുവോട് പ്രാർത്ഥിക്കുന്നു.
എന്റെ ജീവിതസഖി പ്രിയപത്നി ഉമ്മുസലാഹ് ബയാനെയും ഞാൻ നിങ്ങളെ ഏൽപിക്കുന്നു. യുദ്ധം ഞങ്ങളെ നീണ്ട ദിവസങ്ങളും മാസങ്ങളും വേർപെടുത്തി, പക്ഷേ അവൾ തന്റെ ഉടമ്പടിയിൽ ഉറച്ചു വളയാത്ത ഒലിവ് തടി പോലെ നിവർന്നുനിന്നു, ക്ഷമയും സംതൃപ്തിയും നിലനിർത്തി. എന്റെ അഭാവത്തിൽ അവൾ എല്ലാ ശക്തിയോടും വിശ്വാസത്തോടും കൂടി അമാനത്ത് ശിരസാവഹിച്ചു.
സർവ്വശക്തനായ അല്ലാഹുവിന് ശേഷം നിങ്ങൾ അവളുടെ ചുറ്റും നിരന്ന് അവളെ സംരക്ഷിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു.
ഞാൻ മരിക്കുകയാണെങ്കിൽ എന്റെ തത്വങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് ഞാൻ മരിക്കും. അല്ലാഹുവിന്റെ വിധിയിൽ ഞാൻ സംതൃപ്തനാണെന്നും, അവനുമായുള്ള കൂടിക്കാഴ്ചയിൽ വിശ്വസ്തനാണെന്നും, അല്ലാഹുവിന്റെ അടുക്കൽ എനിക്കുള്ളത് കൂടുതൽ മികച്ചതും നിലനിൽക്കുന്നതുമാണെന്ന് ഉറപ്പുണ്ടെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
അല്ലാഹുവെ, രക്തസാക്ഷികളുടെ കൂട്ടത്തിൽ എന്നെ സ്വീകരിക്കണമേ, എനിക്ക് സംഭവിച്ചതും സംഭവിക്കാനുള്ളതുമായ പാപങ്ങൾ പൊറുക്കേണമേ, എന്റെ രക്തത്തെ എന്റെ ജനത്തിനും കുടുംബത്തിനും സ്വാതന്ത്ര്യത്തിലേക്കുള്ള പാത തെളിക്കുന്ന പ്രകാശമാക്കണമേ..
എനിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ നിങ്ങൾ എന്നോട് ക്ഷമിക്കണം, എനിക്കുവേണ്ടി കരുണയ്ക്കായി പ്രാർത്ഥിക്കണം. ഞാൻ എന്റെ ഉടമ്പടി നിറവേറ്റിയുണ്ട്, ഞാൻ ഒരിക്കലും മാറുകയോ മാറ്റുകയോ ചെയ്തിട്ടില്ല.
ഗസ്സയെ നിങ്ങൾ മറക്കരുത്...
എന്റെ പാപമോചനത്തിനും ഞാൻ സ്വീകരിക്കപ്പെടുവാനും നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെ മറക്കരുത്.
അനസ് ഷെരീഫ്
(പരിഭാഷ : ഡോ.സികെ അബ്ദുല്ല)
അനസ് അൽ ശരീഫ് ഉൾപ്പടെ അൽ ജസീറയുടെ അഞ്ച് മാധ്യമപ്രവർത്തകരെ വധിച്ച് ഇസ്രായേൽ
ഗസ്സ സിറ്റി: ഗസ്സ സിറ്റിയിലെ മാധ്യമപ്രവർത്തകരെ പാർപ്പിച്ചിരിക്കുന്ന ടെന്റിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറ മാധ്യമപ്രവർത്തകൻ അനസ് ഷെരീഫ് ഉൾപ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഗസ്സ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയുടെ പ്രധാന ഗേറ്റിന് പുറത്തുള്ള ടെന്റിൽ ഞായറാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. അനസിന് പുറമെ അൽ ജസീറയുടെ മധ്യപ്രവർത്തകരായ മുഹമ്മദ് ഖ്രീഖെ, ഇബ്രാഹിം സഹെർ, മുഹമ്മദ് നൗഫൽ, മോമെൻ അലിവ എന്നിവരും കൊല്ലപ്പെട്ടു.
കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് വടക്കൻ ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളെ റിപ്പോർട്ട് ചെയ്യുകയായിരുന്നു 28കാരനായ അനസ്. അദ്ദേഹത്തിന്റെ അവസാന വിഡിയോയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇരുണ്ട ആകാശം ഓറഞ്ച് വെളിച്ചത്തിൽ നിറയുന്നതും ഇസ്രായേലിന്റെ മിസൈൽ ബോംബിംഗിന്റെ ഉച്ചത്തിലുള്ള മുഴക്കവും പശ്ചാത്തലത്തിൽ കേൾക്കാമായിരുന്നു. പത്രസ്വാതന്ത്ര്യത്തിനു നേരെയുള്ള മറ്റൊരു നഗ്നവും ആസൂത്രിതവുമായ ആക്രമണം എന്ന് കൊലപാതകങ്ങളെ അപലപിച്ച് കൊണ്ട് അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് പ്രസ്താവനയിൽ പറഞ്ഞു.
500,000-ത്തിലധികം ഫോളോവേഴ്‌സ് ഉള്ള അനസിന്റെ എക്സ് അകൗണ്ടിൽ മരണത്തിന് മിനിറ്റുകൾക്ക് മുമ്പ് വരെ ഇസ്രായേൽ നടത്തിയ ബോംബ് ആക്രമണത്തെ കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു. അനസ് ഒരു ഹമാസ് അംഗമായിരുന്നുവെന്നും ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തിയെന്നും അനസിനെ വധിച്ചത് സ്ഥിരീകരിച്ചു പോസ്റ്റ് ചെയ്ത കുറിപ്പിൽ ഇസ്രായേൽ അവകാശപ്പെടുന്നു. വടക്കൻ ഗസ്സയിലെ ഫലസ്തീൻ ജനതക്കെതിരായ വംശഹത്യയെക്കുറിച്ചുള്ള തുടർച്ചയായ വാർത്തകൾ നൽകിയതിന് ഇസ്രായേലിൽ നിന്ന് അനസിന് നിരവധി ഭീഷണികൾ ലഭിച്ചിട്ടുണ്ട്. വിശ്വസനീയമായ തെളിവുകൾ നൽകാതെ മാധ്യമപ്രവർത്തകരെ 'തീവ്രവാദികളായി' മുദ്രകുത്തുന്ന ഇസ്രായേൽ രീതി പത്രസ്വാതന്ത്ര്യത്തോടുള്ള അവരുടെ ഉദ്ദേശ്യത്തെയും ബഹുമാനത്തെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു' എന്ന് സിപിജെയുടെ(കമ്മിറ്റി ടു പ്രൊട്ടക്ട ജേർണലിസ്റ്സ്) മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക ഡയറക്ടർ സാറ ഖുദ പറഞ്ഞു.
ഗസ്സയിലെ ഏറ്റവും ധീരനായ പത്രപ്രവർത്തകരിൽ ഒരാളാണ് അനസ് അൽ ശരീഫ്. 'ഗസ്സയിലെ ദുരന്ത യാഥാർത്ഥ്യത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന അവസാനത്തെ ശബ്ദങ്ങളിൽ അനസ് അൽ ഷെരീഫും സഹപ്രവർത്തകരും ഉൾപ്പെടുന്നു.' അൽ ജസീറ പറഞ്ഞു. ഗസ്സയിൽ നിന്നുള്ള റിപോർട്ടുകൾ കാരണം അനസിന്റെ ജീവൻ അപകടത്തിലാണെന്ന് പത്രസ്വാതന്ത്ര്യ ഗ്രൂപ്പും ഒരു യുഎൻ വിദഗ്ദ്ധനും മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.