
Photo| Special Arrangemen
ഉഴപ്പന്മാരും തലതെറിച്ചവരുമല്ല; ജെൻ ആൽഫകളുടെ ‘കൈയിലിരുപ്പ് ചില്ലറയല്ല’ കണ്ടുപഠിക്കണം അവരെ
|പ്രമുഖ ഉപഭോക്തൃ പ്ലാറ്റ്‌ഫോമായ അറ്റസ്റ്റിൽ നിന്നുള്ള പഠനത്തിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്
ഉഴപ്പന്മാരും തലതെറിച്ചവരുമാണ് ജെൻ ആൽഫകൾ എന്നാണല്ലോ പൊതു ധാരണ. എന്നാൽ അങ്ങനെ അല്ല എന്ന് പറയുകയാണ് യുകെയിൽ നിന്നുള്ളൊരു പഠനം. പ്രമുഖ ഉപഭോക്തൃ പ്ലാറ്റ്‌ഫോമായ അറ്റസ്റ്റിൽ നിന്നുള്ള പുതിയ ഗവേഷണ പ്രകാരം, ജൻ ആൽഫക്കാർ ഇതിനകം തന്നെ വിപുലമായ സാമ്പത്തിക ശീലങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. സ്വാതന്ത്ര്യം, ഡിജിറ്റൽ പരിജ്ഞാനം, സ്വയം തെരഞ്ഞെടുക്കുന്ന കാര്യങ്ങൾ എന്നിവകൊണ്ട് തന്നെ ഇവർക്ക് കാര്യമായ സേവിങ്സ് ഉണ്ടെന്നാണ് പറയുന്നത്.
15 മുതൽ16 വയസ്സ് വരെ പ്രായമുള്ള കുട്ടികളുള്ള 1,000 മാതാപിതാക്കളിൽ നടത്തിയ പഠനത്തിൽ, 94% പേർക്കും ഏതെങ്കിലും തരത്തിലുള്ള സമ്പാദ്യമുണ്ടെന്ന് കണ്ടെത്തി. ജൻ ആൽഫയിൽ 51% പേർക്ക് £1,000 പൗണ്ടിൽ കൂടുതൽ (1,16,848 ഇന്ത്യൻ രൂപ) സമ്പാദ്യവും 11% പേർക്ക് £10,000 പൗണ്ടിൽ കൂടുതൽ സമ്പാദ്യവുമുണ്ട്, ഇതിൽ ട്രസ്റ്റിൽ സൂക്ഷിച്ചിരിക്കുന്ന ഫണ്ടുകളും ഉൾപ്പെടുന്നു.
മുൻ തലമുറകളെ അപേക്ഷിച്ച് ജൻ ആൽഫയ്ക്ക് കൂടുതൽ വിപുലമായ സാമ്പത്തിക സാക്ഷരതാ കഴിവുകൾ ഉണ്ടായിരിക്കാമെന്നതിന്റെ മറ്റൊരു സൂചനയായി ഇവർക്കിടയിലെ ഉയർന്ന തലത്തിലുള്ള ബാങ്ക് അക്കൗണ്ട് ഉടമസ്ഥതയാണ് കാണിക്കുന്നത്. പകുതി പേർക്ക് (53%) പരമ്പരാഗതമായ ബാങ്കിൽ അക്കൗണ്ടുകളുണ്ട്, അതേസമയം 37% പേർക്ക് ഡിജിറ്റൽ അക്കൗണ്ടും 54% പേർക്ക് ഡെഡിക്കേറ്റഡ് സേവിംഗ്സ് അക്കൗണ്ടുമുണ്ട്.
പോക്കറ്റ് മണിയിൽ മാത്രം വരുമാനം ഒതുങ്ങുന്നില്ല. അഞ്ചിൽ ഒരാൾ (21%) പാർട്ട് ടൈം ജോലി ചെയ്യുന്നു, അതേസമയം 14% പേർ ബേബി സിറ്റിംഗ് അല്ലെങ്കിൽ ഡോഗ് വാക്കിംഗ് പോലുള്ള അഡ്-ഹോക്ക് ജോലികളിലൂടെയാണ് സമ്പാദിക്കുന്നുണ്ട്. പകുതി പേർക്കും ഇതിനകം ഒരു ഡെബിറ്റ് കാർഡ് ഉണ്ട്. ഉയർന്ന വരുമാനമുള്ള വീടുകളിൽ നിന്നുള്ള കൗമാരക്കാർക്ക് കുറഞ്ഞ വരുമാനമുള്ള വീടുകളിൽ നിന്നുള്ള അവരുടെ സമപ്രായക്കാരെ അപേക്ഷിച്ച് £10,000 ന് മുകളിൽ സമ്പാദ്യം ഉണ്ടായിരിക്കാനുള്ള സാധ്യത ഏഴ് മടങ്ങ് കൂടുതലാണെന്നും പഠനം പറയുന്നു. ജൻ ആൽഫ ഇതിനകം തന്നെ ബജറ്റ് തയ്യാറാക്കുകയും, പണം ലാഭിക്കുകയും, പണത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു.