< Back
World
25 വർഷത്തിനുള്ളിൽ വെള്ളത്തിനടിയിലാകും; ഒരുരാജ്യം മുഴുവൻ ആസ്ത്രേലിയയിലേക്ക് കുടിയേറുന്നു
World

25 വർഷത്തിനുള്ളിൽ വെള്ളത്തിനടിയിലാകും; ഒരുരാജ്യം മുഴുവൻ ആസ്ത്രേലിയയിലേക്ക് കുടിയേറുന്നു

Web Desk
|
8 Aug 2025 12:06 PM IST

2023ൽ ടുവാലുവും ആസ്ത്രേലിയയും ഫലെപിലി യൂണിയൻ ഉടമ്പടിയിൽ ഒപ്പുവച്ചു

പസഫിക് സമുദ്രത്തിലെ ഒരു ചെറിയ ദ്വീപ് രാഷ്ട്രമാണ് ടുവാലു. ടുവാലുവിലെ ജനങ്ങൾ മുഴുവൻ ആസ്ത്രേലിയയിലേക്ക് കുടിയേറാനൊരുങ്ങുകയാണ്. ലോക ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു രാജ്യത്തെ മുഴുവൻ ജനതയും ആസൂത്രിത കുടിയേറ്റത്തിന്റെ ഭാഗമാകുന്നത്.

വയേഡ് റിപ്പോർട്ട് അനുസരിച്ച്, സമുദ്രനിരപ്പ് ഉയരുന്നതാണ് കുടിയേറ്റത്തിന് കാരണമാകുന്നത്. ടുവാലുവിന്റെ ഭൂരിഭാഗം ഭൂമിയും 25 വർഷത്തിനുള്ളിൽ വെള്ളത്തിനടിയിലാകുമെന്നും അതിജീവനത്തിനായി ജനങ്ങൾ പലായനം ചെയ്യേണ്ടി വരുമെന്നും പഠനങ്ങൾ പുറത്തുവന്നിരുന്നു.

ഒൻപത് പവിഴ ദ്വീപുകളും അറ്റോളുകളും (പവിഴ ദ്വീപുകളെ സംരക്ഷിക്കുന്ന പവിഴപ്പാറ ഉൾപ്പെടെ ഉള്ള ഭൂഭാഗമാണ് അറ്റോൾ) അടങ്ങുന്ന ടുവാലുവിൽ 11,000ത്തിലധികം ജനങ്ങളാണ് ജീവിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് വെറും രണ്ട് മീറ്റർ ഉയരത്തിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തിരമാലകൾ, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ജലനിരപ്പ് ഉയർച്ച എന്നിവ ദ്വീപിന് ഭീഷണിയാകുന്നു. അടുത്ത 80 വർഷത്തിനുള്ളിൽ ഇത് വാസയോഗ്യമല്ലാതായി മാറിയേക്കാമെന്നാണ് ശാസ്ത്രജ്ഞർ ഭയപ്പെടുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ദ്വീപസമൂഹത്തിലെ ഒൻപത് പവിഴ അറ്റോളുകളിൽ രണ്ടെണ്ണം ഇതിനകം തന്നെ വെള്ളത്തിനടിയിലായി. നാസയുടെ സീ ലെവൽ ചേഞ്ച് ടീമിന്റെ കണക്കനുസരിച്ച്, 2023 ൽ ടുവാലുവിലെ സമുദ്രനിരപ്പ് കഴിഞ്ഞ 30 വർഷങ്ങളെ അപേക്ഷിച്ച് 15 സെന്റീമീറ്റർ കൂടുതലായിരുന്നു. ഈ നിരക്കിൽ 2050 ആകുമ്പോഴേക്കും രാജ്യത്തെ ഭൂരിഭാഗം കരയും വെള്ളത്തിനടിയിലായേക്കാം.

2023ൽ ടുവാലുവും ആസ്ത്രേലിയയും ഫലെപിലി യൂണിയൻ ഉടമ്പടിയിൽ ഒപ്പുവച്ചു. കരാർ പ്രകാരം പ്രതിവർഷം 280 ടുവാലുക്കാർക്ക് ആസ്ത്രേലിയയിൽ സ്ഥിര താമസം അനുവദിക്കും. കൂടാതെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പാർപ്പിടം, ജോലി എന്നിവയിൽ പൂർണ്ണ അവകാശങ്ങളും നൽകും. 8750 രജിസ്ട്രേഷനുകളാണ് ഇതുവരെ ഉണ്ടായത്.

Similar Posts