< Back
World
സർക്കാർ വിലക്ക്: ചൈനയിൽ ഖുർആൻ ആപ്പ് നീക്കം ചെയ്ത് ആപ്പിൾ
World

സർക്കാർ വിലക്ക്: ചൈനയിൽ ഖുർആൻ ആപ്പ് നീക്കം ചെയ്ത് ആപ്പിൾ

Web Desk
|
16 Oct 2021 3:40 PM IST

നിയമവിരുദ്ധമായ മതവചനങ്ങൾ അടങ്ങിയതെന്നാരോപിച്ച് ചൈനീസ് സർക്കാരാണ് ആപ്പിളിനോട് ആപ്പ് നീക്കം ചെയ്യാൻ നിർദേശം നൽകിയതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഖുർആൻ ആപ്പുകളിൽ ഒന്നായ ഖുർആൻ മജീദ് ചൈനയിൽ തങ്ങളുടെ ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്ത് ആപ്പിൾ. നിയമവിരുദ്ധമായ മതവചനങ്ങൾ അടങ്ങിയതെന്നാരോപിച്ച് ചൈനീസ് സർക്കാരാണ് ആപ്പിളിനോട് ആപ്പ് നീക്കം ചെയ്യാൻ നിർദേശം നൽകിയതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.

ലോകത്താകമാനമായി നാല്പത് ദശലക്ഷത്തോളം ഉപയോക്താക്കളുള്ള ഖുർആൻ മജീദ് ആപ്പിന്റെ നിർമാതാക്കൾ പാകിസ്താൻ ഡാറ്റ മാനേജ്‌മന്റ് സർവീസസ് ആണ്. തങ്ങളുടെ ആപ്പ് നീക്കം ചെയ്തുവെന്നും സൈബർസ്പേസ് അഡ്മിനിസ്ട്രേഷൻ ഓഫ് ചൈനയെ ബന്ധപ്പെടാൻ തങ്ങൾക്ക് നിർദേശം ലഭിച്ചുവെന്നും നിർമാതാക്കൾ മിഡിൽ ഈസ്റ്റ് ഐ നോട് പറഞ്ഞു. ചൈനീസ് അധികാരികളുമായി ബന്ധപ്പെട്ട് വരികയാണെന്നും തങ്ങളുടെ ചൈനയിലെ ഒരു ദശലക്ഷത്തോളം വരുന്ന ഉപയോക്താക്കൾക്ക് ആപ്പ് വൈകാതെ തിരിച്ച് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കമ്പനിയുടെ വളർച്ചാ വിഭാഗം തലവൻ ഹസൻ ഷഫീഖ് പറഞ്ഞു.

ചൈനീസ് സർക്കാർ രാജ്യത്ത് ഔദ്യോഗികമായി അംഗീകരിച്ച മതമാണ് ഇസ്‌ലാം. എങ്കിലും ഉയിഗൂർ മുസ്‌ലിംകൾക്കെതിരെ വംശീയ അതിക്രമങ്ങൾ തുടരുന്ന സർക്കാർ നടപടി അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ വിമർശിക്കപ്പെട്ടതാണ്.

Similar Posts