< Back
World
ഓസ്‌ട്രേലിയയിൽ 2023 ഒക്ടോബർ 7 മുതൽ മുസ്‌ലിം വിരുദ്ധ സംഭവങ്ങളിൽ നാടകീയ വർധനവ് ഉണ്ടായതായി റിപ്പോർട്ട്
World

ഓസ്‌ട്രേലിയയിൽ 2023 ഒക്ടോബർ 7 മുതൽ മുസ്‌ലിം വിരുദ്ധ സംഭവങ്ങളിൽ നാടകീയ വർധനവ് ഉണ്ടായതായി റിപ്പോർട്ട്

Web Desk
|
28 July 2025 1:15 PM IST

സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളാണ് കൂടുതലും നടക്കുന്നതെന്ന് ഇസ്‌ലാമോഫോബിയ രജിസ്റ്റർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു

ഓസ്ട്രേലിയ: 2023 ഒക്ടോബർ 7 മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ യുദ്ധം ആരംഭിച്ചതിനുശേഷം ഓസ്‌ട്രേലിയയിൽ മുസ്‌ലിം വിരുദ്ധ സംഭവങ്ങളിൽ 'നാടകീയമായ വർധനവ്' ഉണ്ടായതായി ഓസ്ട്രേലിയ രജിസ്റ്ററിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് പ്രാദേശിക മാധ്യമം എസ്‌ബി‌എസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളാണ് കൂടുതലും നടക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരകളിൽ 75 ശതമാനവും സ്ത്രീകളും പെൺകുട്ടികളും കുറ്റവാളികളിൽ ഭൂരിഭാഗവും മുസ്‌ലിം ഇതര പുരുഷന്മാരുമാണെന്ന് ഇസ്‌ലാമോഫോബിയ രജിസ്റ്റർ ഓസ്‌ട്രേലിയയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ നോറ അമാത്ത് പറയുന്നു.

2024 ജൂലൈയിൽ സ്കാൻലോൺ ഫൗണ്ടേഷൻ നടത്തിയ പഠനത്തിൽ ഓസ്‌ട്രേലിയക്കാരിൽ മൂന്നിലൊന്ന് പേർക്കും മുസ്‌ലിംകളോട് നിഷേധാത്മക മനോഭാവമുണ്ടെന്ന് പറയുന്നു. 2023 നെ അപേക്ഷിച്ച് 2024-ൽ 7% വർധനവുണ്ടായതായും അത് ജൂത ജനതയോടുള്ള നിഷേധാത്മക മനോഭാവത്തേക്കാൾ ഏകദേശം മൂന്നിരട്ടി കൂടുതലാണെന്നും ഇസ്‌ലാമോഫോബിയ രജിസ്റ്റർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2014 മുതൽ 2021 നേക്കാൾ 2021 മുതൽ 2024 വരെ ഏകദേശം ഇരട്ടിയായി മുസ്‌ലിം വിരുദ്ധ സമീപനം ഉയർന്നതായി റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.

ഓസ്‌ട്രേലിയയിലെ ഇസ്‌ലാമോഫോബിയക്ക് ഉത്തേജകമായി ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് നോറ അമാത്ത് നിരീക്ഷിക്കുന്നു. എന്നാൽ അവ മാത്രമല്ല ഇത്തരം പ്രവണതകൾക്ക് കാരണമെന്നും അവർ കൂട്ടിച്ചേർത്തു. ശിരോവസ്ത്രം ധരിക്കുന്ന നിരവധി മുസ്‌ലിം സ്ത്രീകൾക്ക് ഓസ്‌ട്രേലിയയിൽ നിരന്തരമായി ഇസ്‌ലാമോഫോബിയയുടെ അനുഭവങ്ങളിൽ കൂടി കടന്ന് പോകേണ്ടി വരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിലുള്ള ആയിരക്കണക്കിന് സംഭവങ്ങളാണ് റിപ്പോർട്ടിൽ സമാഹരിച്ചിരിക്കുന്നത്.

ഇസ്‌ലാമോഫോബിയ രജിസ്റ്ററിലെ റിപോർട്ടുകൾ പ്രകാരം 2023 ജനുവരി മുതൽ 2024 നവംബർ വരെ മുസ്‌ലിം വിരുദ്ധ സംഭവങ്ങളുടെ വലിയ വർധനവ് ഉണ്ടായതായി രേഖപെടുത്തുന്നു. മൊണാഷ്, ഡീക്കിൻ സർവകലാശാലകളിലെ ഗവേഷകർ 600-ലധികം നേരിട്ടുള്ളതും ഓൺലൈനിൽ നടന്നതുമായ സംഭവങ്ങൾ വിശകലനം ചെയ്ത് അതിൽ കൂടുതലും മുസ്‌ലിം സ്ത്രീകളാണെന്ന് കണ്ടെത്തി.

Similar Posts